ഒലവക്കോട്: വേനല്‍ കനത്തു ജില്ലയില്‍ കുടിവെളളക്ഷാമം രൂക്ഷമാകുമ്പോഴും നഗരത്തിലെ ഭീമന് കിണർ തെളിനീരിന്റെ അക്ഷയപാത്രമാകുകയാണ്. നഗരസഭ നാലാംവാര്ഡില്പെട്ട പറക്കുന്നം വിദ്യുത്നഗറിലെ ഭീമന് കിണറാണ് ഒരുവേനലിലും വറ്റാതെ നിറസമൃദ്ധിയിലാകുന്നത്.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് കൃഷിഭൂമിയായിരുന്ന പ്രദേശം കാലാനുസൃതമായി ഹൗസിംഗ് കോളനിയായെങ്കിലും കിണർ ഇപ്പോഴും പഴയ പ്രൗഢിയില്തന്നെ. വര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടന്ന കിണറിന്റെ പുനര്‍ജന്മത്തിനായി സാമൂഹ്യപ്രവര്‍ത്തകനായ സെയ്ത് പറക്കുന്നവും കോളനിനിവാസിയായ രഘുവും നടത്തിയ ശ്രമഫലത്തിലാണ് ഭീമന് കിണര്‍ ഇന്നത്തെ സ്ഥിതിയിലായത്.
2015ല്‍ നഗരസഭയുടെയും കോളനിക്കാരുടെയും സഹകരണത്തോടെ കൊക്കര്‍ണിയിലെ വെളളംമുഴുവന് പമ്പുചെയ്ത് മാലിന്യം നീക്കി അകത്തെ ചെടികളെല്ലാം വെട്ടിമാറ്റി കിണറിനു ചുറ്റും തകര്‍ന്ന ഭിത്തികള്‍ പ്ലാസ്റ്റിംഗ് നടത്തി കമ്പവല ഇടുകയും ചെയ്തു.
കോളനികളിലെ വീടുകളിലെല്ലാം മലമ്പുഴ കണക്ഷനും കിണറും ബോര്‍വെല്ലും ഉള്ളതിനാല്‍ ആര്‍ക്കും വെള്ളം ആവശ്യമില്ലെങ്കിലും കിണറിനെ കോളനിക്കാര്‍ സംരക്ഷിക്കുകയാണ്. ആദ്യകാലങ്ങളില്‍ പ്രദേശത്തെ വീട്ടുകാരും സമീപത്തെ പറമ്പുകളിലേക്കുമൊക്കെ കിണറില്‍നിന്നും വെളളമെടുത്തിരുന്നു.
കത്തിയെരിയുന്ന വേനലില്‍ ഫയര്‍ഫോഴ്സ് വെളളത്തിനായി നെട്ടോട്ടമോടുമ്പോള്‍ കിണറിലെ വെള്ളം ഉപയോഗിച്ചുകൂടേയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഫയര്‍ഫോഴ്സ് അധികൃതര്‍ നേരത്തെ ഇതിനു തയാറായെങ്കിലും വലിയ വാഹനങ്ങള്‍ വന്നുപോകാന്‍ ബുദ്ധിമുട്ടാണെന്ന് പറയുമ്പോഴും ചുണ്ണാമ്പുത്തറ-ചാത്തപ്പുരം റോഡുവഴി വരാന്‍ സാധ്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
നഗരസഭ നടത്തുന്ന നിര്‍മാണപ്രവൃത്തികള്‍ക്ക് വന്‍തോതില്‍ പണം നല്കി ടാങ്കര്വെളളം വാങ്ങുമ്പോള്‍ കിണറിനെ ആശ്രയിക്കുകയാണെങ്കില്‍ ലാഭകരമാകും. സമീപത്തൊരു ടാങ്കും മോട്ടറും ഘടിപ്പിച്ച് വെള്ളം ശേഖരിച്ച് വരള്‍ച്ചാബാധിത മേഖലകളിലേക്ക് വെളളമെത്തിക്കാനും നഗരസഭ ശ്രമിക്കുകയാണെങ്കില്‍ ഏറെ ഗുണകരമാകും.
നഗരപരിസരങ്ങളിലും ഗ്രാമീണ മേഖലകളിലും മിക്ക പൊതുകിണറുകളും ഉപയോഗശൂന്യമാകുമ്പോള്‍ കാലാകാലങ്ങളില്‍ വിദ്യുത് നഗറിലെ ഭീമന് കൊക്കര്‍ണിയില്‍ നിറഞ്ഞു നില്ക്കുന്ന ജലസമൃദ്ധി അദ്ഭുതകരമാണ്.
വൈദ്യുതിയുമായി ബന്ധപ്പെട്ട നാമകരണം ചെയ്ത കോളനിയില്‍ ജലസമൃദ്ധിയുടെ പര്യായമായി മാറുന്ന ഭീമന് കൊക്കര്‍ണി കത്തിയെരിയുന്ന വേനലിലും മഴകുറഞ്ഞ കാലവര്‍ഷത്തിലും നിറകുടമായി നിലകൊളളുകയാണ്.