കണ്ണൂർ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവിനെ റിമാൻഡ് ചെയ്തു.
ചാല സ്വദേശിനിയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമായ രാഖി രാജീവൻ (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചാലാട് സി.കെ.പുരം കൊന്പ്ര ഹൗസിൽ സന്ദീപി (താക്കറെ-33) നെയാണ് ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 26ന് വീട്ടിൽവച്ചു പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞ 17ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
മരിക്കുന്നതിനുമുന്പ് രാഖി നൽകിയ മൊഴിയിൽ തന്നെ ഭർത്താവ് വീട്ടുമുറ്റത്തുവച്ച് ടിന്നർ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പറഞ്ഞിരുന്നു.
ഇതേത്തുടർന്ന് സന്ദീപിനെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും സന്ദീപ് ഒളിവിൽ പോകുകയുമായിരുന്നു. ഇന്നലെ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലാട് വച്ചാണ് ഇയാൾ പിടിയിലായത്.
പോലീസ് സംഘത്തിൽ ടൗൺ പ്രിൻസിപ്പൽ എസ്ഐ ബാവിഷ്, എസ്ഐ സജീവൻ എന്നിവരുമുണ്ടായിരുന്നു.