മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കോസ്മിക് സ്ഫോടനം കണ്ടെത്തിയതായി ഗവേഷകർ. ഭൂമിയിൽ നിന്ന് 390 മില്യൺ പ്രകാശവർഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്സി ക്ലസ്റ്ററിലെ അതിഭീമമായ തമോഗര്ത്തിലാണ് സ്ഫോടനം നടന്നത്.
ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്ഫോടനമാണിത്.
അന്താരാഷ്ട്ര തലത്തിലുള്ള വിവിധ ജ്യോതിശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും കൂട്ടായ്മയാണ് ബഹിരാകാശ-അധിഷ്ഠിത ദൂരദർശിനികളിൽ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് സ്ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
മുമ്പ് കണ്ടെത്തിയിട്ടുള്ള ഇത്തരമൊരു സ്ഫോടനത്തിന്റെ അഞ്ചിരട്ടിയോളം അധികം ഊര്‍ജമാണ് ഈ സ്ഫോടനത്തിന് ഉണ്ടായിരുന്നതെന്ന് ആസ്ട്രോഫിസിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
ആയിരക്കണക്കിന് താരാപഥങ്ങൾ, വാതക പ്രവാഹങ്ങൾ, ഇരുണ്ട ദ്രവ്യത്തിന്റെ കൂട്ടങ്ങൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഗാലക്സി ക്ലസ്റ്ററിന്റെ ഹൃദയഭാഗത്താണ് ഭീമന് തമോഗര്‍ത്തമുള്ളത്.
“താരാപഥങ്ങളുടെ കേന്ദ്രങ്ങളിൽ മഹാ സ്ഫോടനങ്ങള്‍ ഇതിനു മുന്‍പും നാം കണ്ടിട്ടുണ്ട്. ഇത് അതിലും എത്രയോ വലുതാണെന്ന് ഗവേഷക മെലാനി ജോൺസൺ – ഹോളിറ്റ് പറയുന്നു.
ഓസ്ട്രേലിയയിലെ മർച്ചിസൺ വൈഡ്ഫീൽഡ് അറേ, ഇന്ത്യയിലെ ജയന്റ് മെട്രോവേവ് റേഡിയോ ടെലിസ്കോപ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ചേര്‍ത്തുവച്ചു കൊണ്ടുള്ള പഠനമാണ് സ്ഫോടനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നത്.