നിത്യജീവിതത്തില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളെ ചെറുക്കുവാനും വ്യക്തിജീവിതത്തില്‍ വിജയം കണ്ടെത്തുവാനും സഹായിക്കുകയാണ് മാഹി സ്വദേശിനിയായ പ്രിയ ശിവദാസ് എന്ന കരുത്തുറ്റ ട്രെയിനര്‍.
ജീവിതത്തെ ലളിതവും ആസ്വാദ്യകരവുമാക്കാന്‍ പരിശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സാഹചര്യങ്ങളില്‍ അകപ്പെട്ട് മനസ് അസ്വസ്ഥമാകുകയും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നീങ്ങുകയും ചെയ്യും.
മനസിനെ നിയന്ത്രിക്കുകയും പരിശീലിപ്പിക്കുകയും കഴിയുക ഇവിടെ അത്യാവശ്യമാണ്. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളെ ചെറുക്കുവാനും വ്യക്തിജീവിതത്തില്‍ വിജയം കണ്ടെത്തുവാനും സഹായിക്കുകയാണ് മാഹി സ്വദേശിനിയായ പ്രിയ ശിവദാസ് എന്ന കരുത്തുറ്റ ട്രെയിനര്‍.
കോര്‍പ്പറേറ്റ് പരിശീലന രംഗത്ത് നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള പ്രിയ സംസ്ഥാനത്തെ മികവുറ്റ ട്രെയിനറില്മാരില് ഒരാളാണ്.
ട്രെയിനിംഗ് രംഗത്തേക്ക്
ഒരു ബിസിനസ് ഫാമിലിയിലാണ് ഞാന്‍ ജനിച്ചത്. കുടുംബത്തിലുള്ള എല്ലാവരും എനിക്ക് പ്രചോദനമായിരുന്നു. ചെറുപ്പം മുതല്‍ അവരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. ബിസിനസില്‍ സംഭവിക്കുന്ന അപ്സ് ആന്‍ഡ് ഡൗണ്‍സ് എന്നും എനിക്ക് വിസ്മയകരവും പാഠവുമാണ്.
എന്നാല്‍ വളരെ വിജയകരമായി ബിസിനസിനെ വളര്ത്തിക്കൊണ്ടുവന്നിുട്ടം അവരില്‍ എന്തോ മിസിങ് എനിക്ക് അനുഭവപ്പെട്ടു. സാമൂഹിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയിട്ടും സമൂഹത്തിന് ആവശ്യമായതൊന്നും നല്കാന് അവര്‍ക്ക് കഴിയുന്നില്ല എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ എന്റെ ജീവിതം എങ്ങനെയായിരിക്കണം എന്ന് ഞാന്‍ അന്നേ തീരുമാനിച്ചിരുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുക എന്നത് വലിയൊരു കാര്യമായാണ് ഞാന്‍ അന്നും ഇന്നും കരുതിപോരുന്നത്.
എന്നാല്‍ ട്രെയിനിംഗ് രംഗത്തേക്ക് കടന്നുവന്നത് മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റങ്ങള്കൊണ്ടുവരുവാന് എനിക്ക് കഴിയുമെന്ന തിരിച്ചറിവ് ഉണ്ടായതുകൊണ്ടാണ്. ഞാന്‍ ട്രെയിനിംഗ് കൊടുത്ത എല്ലാവര്ക്കും എന്നില്‍ ഒരു മാജിക്ക് അനുഭവപ്പെടുന്നുണ്ട് എന്ന് പറയാറുണ്ട്.
അതുകൊണ്ടായിരിക്കാം അവരില്‍ ഒരു ട്രാന്സ്ഫോര്മേഷന് ഉണ്ടാക്കുവാന്‍ എനിക്ക് കഴിയുന്നതും. കഴിവെന്നതിലുപരി പ്രകൃതി എന്നില്‍ നിക്ഷേപിച്ച ഒരു കര്‍ത്തവ്യമായാണ് ഞാന്‍ അതിനെ കാണുന്നത്. പതിനാറു വര്‍ഷമായി ട്രെയിനിംഗ് മേഖലയില്‍ ഞാന്‍ സജീവമാണ്.
ട്രെയിനിംഗ് മേഖലകള്‍
വ്യക്തികളില്‍ തുടങ്ങി മള്‍ട്ടി നാഷണല്‍ കമ്പനി ജോലിക്കാര്‍ക്കുവരെ ഞാന്‍ ട്രെയിനിംഗ് കൊടുക്കുന്നുണ്ട്. സെലിബ്രിറ്റി കോച്ച്, സിഗ്നേച്ചര്‍ അനാലിസ്റ്റ്, ഗ്രാഫോളജിസ്റ്റ്, ബിഹേവിയര്‍ സ്പെഷലിസ്റ്റ് തുടങ്ങിയ നിലകളില്‍ വൈദഗ്ധ്യം തെളിയിക്കാന്‍ എനിക്കു കഴിഞ്ഞു. ട്രെയിനിംഗില്‍ എപ്പോഴും വ്യത്യസ്തത കൊണ്ടുവരുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
അതുകൊണ്ടുതന്നെ സ്ട്രെസ് മാനേജ്മെന്റ്, കോണ്ഫളിക്റ്റ് മാനേജ്മെന്റ്, യോഗ, ഡിസിഷന്‍ മേക്കിംഗ്, ഗോള്‍ സെറ്റിംഗ് തുടങ്ങിയവയോടൊപ്പം തന്നെ ഗ്രാറ്റിറ്റിയൂഡ് മെഡിറ്റേഷന്‍, ഊര്‍ജ ദ സീക്രസ് ഓഫ് എനര്‍ജി, സൈലന്റ് കമ്യൂണിക്കേഷന്‍, നോ യുവര്‍ മെന്റല്‍ ട്രാപ്സ്, ലീഡര്‍ഷിപ്പ് ഫോര്‍ ട്വന്റി ഫസ്റ്റ് സെന്‍ഞ്ച്വറി എന്നീ മേഖലകളിലും ക്ലാസ്സുകളെടുക്കുന്നു.
ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തിത്വങ്ങള്‍
അച്ഛന് ശിവദാസനും അമ്മ പ്രസന്ന ശിവദാസും അമ്മൂമ്മ അനന്തലക്ഷ്മിയുമാണ് എന്റെ ജീവിതത്തില്‍ പ്രധാനമായും സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങള്‍.
അമ്മൂമ്മയാണ് മെഡിറ്റേഷന്റെ പ്രാധ്യാനത്തെക്കുറിച്ച് എനിക്ക് ആദ്യമായി പറഞ്ഞു തന്നത്. പണ്ടൊക്കെ അമ്മൂമ്മയൊടൊപ്പം വെളുപ്പിനു നാലരയ്ക്ക് എഴുന്നേറ്റ് മെഡിറ്റേഷന്‍ ചെയ്യുമായിരുന്നു.
അത് ഇന്നും തുടര്‍ന്നു കൊണ്ടു പോകുന്നു. അമ്മൂമ്മയില്‍ നിന്നു ലഭിച്ച സ്പിരിച്ച്വാലിറ്റിയും അച്ഛനും അമ്മയും പകര്‍ന്നു തന്ന മൂല്യങ്ങളുമാണ് എന്റെ ജീവിത സമ്പത്ത്. ട്രെയിനിംഗ് രംഗത്ത് എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വമാണ് ഡോ.പ്രസാദ് സുന്ദര്‍ രാജന്.
അദ്ദേഹം എന്റെ മെന്ററും കൂടിയാണ്. എംബിഎയ്ക്കു ശേഷം അദ്ദേഹത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടായ ജീനിയസ് റ്റെംമ്പിളില് ചേരുകയും മൂന്നു വര്‍ഷത്തെ പരിശീലനം നേടുകയും ചെയ്തു.
ഗുരുകുല രീതിയാണ് അവിടെ അനുകരിച്ചിരുന്നത്. അദ്ദേഹം പകര്‍ന്നു തന്ന അറിവുകളും ട്രെയിനിംഗ് രീതികളും ഇന്നും പരിശീലിച്ചു പോരുന്നു.
പ്രിയശിവദാസില് നിന്ന് മിസ്റ്റിക്ക് കോച്ചിലേക്ക്
പ്രിയ ശിവദാസ് എന്നത് എന്റെ പേരാണെങ്കിലും ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് മിസ്റ്റിക്ക് കോച്ചായാണ്. ഒരു സ്ത്രീയെ ആദ്യമായായിരിക്കാം അങ്ങനെ വിളിക്കുന്നതും.
ഒരു വ്യക്തിയിലെയോ അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയിലെയോ സത്യത്തെ അന്വേഷിച്ച് കണ്ടെത്തുന്ന ഒരാളെയാണ് മിസ്റ്റിക്ക് എന്ന് വിളിക്കുന്നത്. സ്വയം സ്വീകരിച്ച നാമകരണമാണ് ഈ മിസ്റ്റിക്ക് കോച്ച്.
സത്യത്തില്‍ ജീവിക്കുകയും മറ്റുള്ളവരില്‍ സത്യത്തെ കണ്ടെത്തുന്ന വ്യക്തിയായി ഞാന്‍ എന്നെ തന്നെ കരുതുകയും ചെയ്യുന്നു. അതുകൊണ്ട് ഈ പേരില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചു. ആളുകളില്‍ ഒത്തിരി കൗതുകം ഉണ്ടാക്കിയെങ്കിലും ഇന്ന് ഈ പേര് അവര്‍ ഏറ്റെടുത്തു കഴിഞ്ഞു.
എക്സ്ട്രാ ഓര്‍ഡിനറി ട്രെയിനര്‍
ഒരു മേഖലയില്‍ തന്നെ ഫോക്കസ് ചെയ്ത് അതില്‍ വിജയം കണ്ടെത്തുന്നവരാണ് ട്രെയിനര്‍മാരില്‍ പലരും. എന്നാല്‍ ട്രെയിനിംഗ് അങ്ങനെ ചുരുങ്ങേണ്ട ഒന്നായി എനിക്ക് തോന്നുന്നില്ല. നഴ്സറി കുട്ടികള്‍ക്കു മുതല്‍ സെലിബ്രിറ്റികള്‍ക്കു വരെ ഞാന്‍ ട്രെയിനിംഗ് നല്‍കുന്നുണ്ട്.
അതില്‍ പോലീസ് ഉദ്യോഗസ്ഥരും കമ്പനി സിഇഒമാരുമുണ്ട്. ഓരോര്‍ത്തര്‍ക്കും എന്താണ് ലഭിക്കേണ്ടതെന്നും അവരില്‍ വളര്‍ത്തിയെടുക്കെണ്ടതെന്നും എനിക്ക് പൂര്‍ണബോധ്യമുണ്ട്. അതനുസരിച്ചാണ് എന്റെ ട്രെയിനിംഗും.
എല്ലാത്തിനുപരി എന്നില്‍ നിന്നു റെഡിയേറ്റ് ചെയ്യുന്ന പോസിറ്റീവ് എനര്‍ജി അല്ലെങ്കില്‍ പോസിറ്റീവ് വൈബാണ് മറ്റുള്ളവരില്‍ ഉണ്ടാകുന്ന മാറ്റത്തിനു കാരണമാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനെ കരിസ്മാറ്റിക്ക് അട്രാക്ഷന് എന്ന് വിളിക്കാ നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ദ എയ്റ്റീന്‍ ഷെയ്ഡ്സ് ഓഫ് ബ്ലാക്ക്
സ്ത്രീയെ ഒരു പൂര്ണസ്വതന്ത്ര്യയായി കാണാന്‍ സമൂഹം ആഗ്രഹിക്കുന്നില്ല. സ്ത്രീക്കു മുന്നില്‍ പണിതുയര്‍ത്തുന്ന വേലിക്കെട്ടുകളെ തകര്‍ക്കാന്‍ സ്ത്രീ കരുത്താര്‍ജിക്കണം.
ശബരിമല സ്ത്രീ വിഷയത്തെ അനുകൂലിച്ച് നിര്‍മിച്ചിരിക്കുന്ന വീഡിയോയില്‍ കറുത്ത സാരി ധരിച്ച പതിനെച്ചു സ്ത്രീകളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ രംഗത്തു സജീവമായിരിക്കുന്ന ഷര്‍മിള നായര്‍ തന്റെ വീഡിയോ കാംപയിനിലൂടെ ഫാഷനു മറ്റൊരു മുഖഛായ നല്‍കിയിരിക്കുകയാണ്.
പതിനെട്ടു സ്ത്രീകളും അവര്‍ നേരിട്ട വ്യത്യസ്ത ഭാവത്തിലുള്ള അടിച്ചമര്‍ത്തലുകളെ ലോകത്തിനു മുന്നില്‍ കാണിച്ചു തരുകയാണ് ഇതിലൂടെ. ഇതില്‍ പതിനഞ്ചാമതായി കാണിക്കുന്നത് എന്നെയാണ്. മാഹിയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് എന്റെ ജനനം.
വിശ്വാസത്തില്‍ അടിയുറച്ച എന്റെ കുടുംബം ആചാരാനുഷ്ഠാനങ്ങള്‍ ചിട്ടയോടെ നിര്‍വഹിച്ചിരുന്നു. അത്തരമൊരു ആചാരത്തിന്റെ ഭാഗമായി ആ ഗ്രാമത്തിലെ എല്ലാവരും എന്നെ ദേവിയായി കണ്ട് പൂജിക്കുകയുണ്ടായിട്ടുണ്ട്.
എന്നാല്‍ പ്രായമായപ്പോള്‍ സ്നേഹിച്ച ആളെ വീട്ടുകാരെ ഭയന്ന് സ്വകാര്യമായി കല്യാണം കഴിച്ച ഞാന്‍ നാലു വര്‍ഷത്തിനു ശേഷമാണ് തുറന്നു പറച്ചിലിനു തയാറായത്.
ആശങ്കകള്‍ക്കൊപ്പം തന്നെ അതെ ദേവിയെ അടിക്കുവാനും അന്നു കൈകള്‍ ഉയര്‍ന്നു. ആ സംഭവം വലിയൊരു തിരിച്ചറിവായിരുന്നു അന്നെനിക്കു സമ്മാനിച്ചത്. കേരളത്തിലെ ദേവികള്‍ പൂജിക്കു വാന്‍ മാത്രമുള്ളതാണ്.
സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ അവളെ സമൂഹം അനുവദിക്കുകയില്ല. ഒത്തിരി പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നെങ്കിലും എന്നിലെ യഥാര്‍ഥ ദേവിയെ കണ്ടെത്തുവാന്‍ എന്റെ തീരുമാനം എന്നെ സഹായിച്ചു.
കുടുംബം
ഭര്‍ത്താവും മകനും അടങ്ങിയ ഒരു ചെറിയ കുടുംബമാണ് എന്‍േറത്. ഭര്‍ത്താവ് രാജീവ് കൃഷ്ണദാസ് ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നു. മകന് ഋഷി രാജ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
2019 ഹൈലൈറ്റ്സ്
ട്രെയിനിംഗ് രംഗത്ത് ഒത്തിരി എക്സ്പ്ലോര്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞിുട്ടണ്ട്. പുതിയതും വ്യത്യസ്തവുമായ ഒരു തലത്തിലേക്ക് ട്രെയിനിംഗിനെ കൊണ്ടു വരുവാന്‍ സാധിച്ച ഒരു വര്‍ഷമായിരുന്നു 2019. കേരള സ്റ്റേറ്റ് പോലീസ് ട്രെയിനിംഗ് മുതല്‍ ബ്യൂട്ടി പേജന്റ് ട്രെയിനിംഗും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സൗന്ദര്യത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ബ്യൂട്ടി പേജന്റ് മത്സരങ്ങള്‍ ഇന്ന് എല്ലാ കാറ്റഗറിക്കാരെയും ഉള്‍ക്കൊള്ളിച്ചിട്ടാണ് നടത്തിപോരുന്നത്. കാരക്ടര്‍, ഹ്യുമാനിറ്റി, ആറ്റിറ്റൂഡ് തുടങ്ങിയവയ്ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്.
ട്രെയിനിംഗിന്റെ ആവശ്യകത മറ്റു മേഖലകളിലേതു പോലെ ഇവിടെയും വര്‍ധിച്ചിരിക്കുകയാണ്. ക്വീന്‍ ഓഫ് ദ്വയ 2019 ലെ എല്ലാ ട്രാന്‍സ്ജെന്‍ഡര്‍ മത്സരാര്ഥികളെയും ഞാന്‍ തന്നെയാണ് ട്രെയിന്‍ ചെയ്തത്.
മിസിസ് കേരള വിജയിയായ സരിത രവീന്ദ്രനും മിസിസ് യൂണിവേഴ്സ് സോളിഡാരിറ്റി സബ് ടൈറ്റില്‍ വിന്നര്‍ ഇഷ ഫറാഹ് ക്യുറാഷിക്കും കഴിഞ്ഞ കൊല്ലം ട്രെയിനിംഗ് കൊടുക്കാന്‍ കഴിഞ്ഞു.
സോണിയ ആന്റണി