ഹെദരാബാദ്: പൊതുവേദിയിൽ കോഴി കഴിച്ചു തെലങ്കാന മന്ത്രിമാർ. കോഴി മാംസം, മുട്ട എന്നിവയിലൂടെ വൈറസ് ബാധിക്കുമെന്ന വ്യാജപ്രചാരണങ്ങൾക്കെതിരേയാണു മന്ത്രിമാർ പൊതുവേദിയിൽ നിരന്നുനിന്നു കോഴി കഴിച്ചത്.
ഹൈദരാബാദിൽ വെള്ളിയാഴ്ച നടന്ന ഒരു പൊതു ചടങ്ങിനിടെയായിരുന്നു മന്ത്രിമാരുടെ പരസ്യമായുള്ള ചിക്കൻ കഴിക്കൽ. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൻ കൂടിയായ മന്ത്രി കെ.ടി. രാമറാവു, മന്ത്രിമാരായ എത്തല രാജേന്ദ്രൻ, തലസനി ശ്രീനിവാസ് യാദവ് എന്നിവർ കോഴിയെ കഴിച്ച മന്ത്രിമാരിൽ ഉൾപ്പെടുന്നു.
ചിക്കൻ, മുട്ട എന്നിവ കഴിക്കുന്നതിലൂടെ വൈറസ് ബാധയുണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്നും ഇന്ത്യയിൽ വൈറസ് പടരുന്ന സാഹചര്യമില്ലെന്നും മന്ത്രിമാർ പറഞ്ഞു.
ചിക്കൻ, മുട്ട എന്നിവ കഴിച്ചാൽ കൊറോണ വൈറസ് ബാധിക്കുമെന്നു വലിയ തോതിൽ ജനങ്ങൾക്കിടയിൽ പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിമാരുടെ കോഴി കഴിക്കൽ.
ചൈനയിലെ വുഹാനിലുള്ള സീഫുഡ് മാർക്കറ്റിൽ നിന്നാണു കൊറോണ വൈറസ് പടർന്നതെന്നാണു സംശയിക്കപ്പെടുന്നത്. ഇതുസംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല.
കൊറോണ ബാധിച്ചു ലോകത്താകമാനം 2800 പേർ മരിച്ചെന്നാണ് ഒൗദ്യോഗിക കണക്ക്. 83,000-ൽ അധികം ആളുകൾക്കു കൊറോണ ബാധിച്ചിട്ടുണ്ട്.