മങ്കൊന്പ് : ചന്പക്കുളം പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം നാട്ടുകാരുടെ സ്വൈര്യജീവിതത്തിനു തടസമാകുന്നതായി പരാതി. ചന്പക്കുളം ഗ്രാമപഞ്ചായത്തിന്റെ എട്ടാം വാർഡിന്റെ പ്രദേശങ്ങളിലാണ് സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നത്.
അർധരാത്രിക്കു മുൻപും, പകൽസമയത്തു പോലും ഇത്തരക്കാരുടെ ശല്യം വർധിക്കുന്നത് നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.
എടന്പാടം, ആറുപറ പാലത്തിനു സമീപം തുടങ്ങിയ പ്രദേശങ്ങളിലാണ് ശല്യം അതിരൂക്ഷമായിട്ടുള്ളത്. ആളുകൾ ഉറങ്ങുന്നതിനു മുന്പ് രാത്രി എട്ടിനും പത്തിനുമിടയിലുള്ള സമയത്താണ് ഇവരുടെ ശല്യം അധികവും അനുഭവപ്പെടുന്നത്.
രാത്രിയിൽ വീടുകളുടെ വാതിലുകളിലും, ജനാലകളിലും തട്ടിവിളിക്കുക, സ്ത്രീകളുടെ വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോകുക, കന്നുകാലികളെ കെട്ടഴിച്ചുവിടുക തുടങ്ങിയവയാണ് ഇവരെക്കൊണ്ടുള്ള പ്രധാന ശല്യങ്ങൾ. കഴിഞ്ഞ ദിവസം ബസ്റ്റാന്റിനു സമീപമുള്ള ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയിരുന്നു.
ചികിൽസാ ആവശ്യത്തിനായി വീട്ടുകാർ പോയതിനെത്തുടർന്ന ആഴ്ചകളായി ഒഴിഞ്ഞുകിടന്ന വീടാണ് കുത്തിത്തുറന്ന നിലയിൽ അയൽവാസികൾ കണ്ടത്. തുടർന്ന് വീട്ടുകാരെത്തി പരിശോധനകൾ നടത്തിയതോടെ മോഷണമൊന്നും നടന്നിട്ടില്ലെന്ന് ബോധ്യമായി.
രാത്രി കാലങ്ങളിൽ വീടുകളുടെ വാതിലിലും ജനാലകളിലും തട്ടിയശേഷം സാമൂഹ്യവിരുദ്ധർ അപ്രത്യക്ഷരാകുകയാണ് പതിവ്. ഇതിനു പുറമെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വ്യാപകമായി മോഷണം പോകുന്നുമുണ്ട്. ഇത്തരമൊരു സംഭവത്തിൽ വീട്ടുകാരും നാട്ടുകാരും ഒരാളെ പിന്തുടർന്നെങ്കിലും ഇയാൾ ഓടിരക്ഷപെട്ടതായി പറയപ്പെടുന്നു.
ഇത്തരക്കാരുടെ കൈവശം ആയുധങ്ങളുണ്ടാകുമോ എന്ന ഭയംമൂലം വീട്ടുകാർ പുറത്തിറങ്ങാൻ ഭയക്കുന്നു. ആതിരപ്പള്ളി മോട്ടോർ തറയ്ക്കു സമീപത്തെ വീട്ടിൽ ഏതാനും ദിവസം മുൻപ് കെട്ടിയിട്ടിരുന്ന പശുവിനെ കയറഴിച്ചു വിട്ട സംഭവവമുണ്ടായി.
പശുവിന്റെ കരച്ചിൽ കേട്ടാണ് ആളുകൾ സംഭവമറിയുന്നത്. സംഭവം ഗൗരവമായി എടുത്ത നാട്ടുകാർ സംഘം ചേർന്ന് ഏതാനും ദിവസങ്ങൾ പ്രദേശത്ത് റോന്തു ചുറ്റിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തെ വഴികൾ, ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങൾ, ആളൊഴിഞ്ഞ പുരയിടങ്ങൾ എന്നിവ കൃത്യമായി മനസിലാക്കാനാകുന്നവരാണ് സംഭവത്തിനു പിന്നിലെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.
ആളുകൾ കരുതിയിരുന്ന ദിവസങ്ങളിൽ ശല്യമില്ലാതിരുന്നതും സംശയത്തിനിടയാക്കുന്നുണ്ട്. പ്രദേശത്ത് ലഹരിയുടെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. പലതവണ പ്രദേശത്തു നിന്നും നെടുമുടി പോലീസ് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ പിടികൂടിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
എന്നാൽ സാമൂഹ്യവരുദ്ധശല്യം പതിവാകുന്പോഴും ഇതു സംബന്ധിച്ചു പോലീസിൽ പരാതി നൽകാൻ ആരും തയ്യാറാകാത്തത് അക്രമങ്ങൾ വർധിക്കുന്നതിനിടയാക്കുന്നു. വിവരം ശ്രദ്ധയിൽപെട്ടതോടെ പട്രോളിംഗ് ഉൗർജിതമാക്കിയതായി പോലീസ് അറിയിച്ചു.