കരിമണ്ണൂർ: അഭിജിത്ത് ഷാജിയുടെ കരവിരുതിൽ രൂപപ്പെടുന്ന ആഭരണങ്ങൾക്ക് പത്തരമാറ്റിന്റെ തിളക്കം.പഠനത്തോടൊപ്പം ആഭരണനിർമാണവും തനിക്ക് ഈസിയാണെന്നു തെളിയിക്കുകയാണ് കരിമണ്ണൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി അഭിജിത്ത് ഷാജി.
സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ്,സ്കിൽ ഡെവലപ്മെന്റ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കാട് ഇലഞ്ഞിപ്പാലത്തു നടത്തിയ ഇന്ത്യ സ്കിൽസ് കേരള-2020 ൽ ആഭരണ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം ഈ കൊച്ചുമിടുക്കനാണ്.
സമ്മാനമായി ഒരു ലക്ഷം രൂപ കാഷ് അവാർഡ് ലഭിച്ചതിനു പുറമെ ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ അവസരവും ലഭിച്ചിട്ടുണ്ട്.
ആഭരണ നിർമാണത്തിൽ അഭിജിത്ത് പുലർത്തുന്ന മികവ് ഏവരെയും അന്പരിപ്പിക്കുന്നതാണ്.ഈ മേഖലയിൽ മികച്ച പരിശീലനമുള്ള ഒരാൾ നിർമിക്കുന്ന ആഭരണങ്ങൾക്കു കിടപിടിക്കുന്നതാണ് അഭിജിത്ത് നിർമിക്കുന്ന ആഭരണങ്ങളും.അത്രയേറെ സൂക്ഷ്മതയോടെയാണ് ഈ മിടുക്കൻ ആഭരണങ്ങൾ നിർമിച്ചുവരുന്നത്.
ചെറിയ പ്രായത്തിൽ തന്നെ മികച്ച നേട്ടം കൈവരിച്ച അഭിജിത്തിനെ സ്കൂൾ അധികൃതരും സഹപാഠികളും അഭിനന്ദിച്ചു.തൊടുപുഴയിൽ ആഭരണനിർമാണ രംഗത്തു പ്രവർത്തിക്കുന്ന മുളപ്പുറം വലിയവീട്ടിൽ ഷാജിയുടെയും സിന്ധുവിന്റെയും മകനാണ്.