പയ്യന്നൂര്‍: ഏഴിമല നാവിക അക്കാഡമിയുടെ നിരോധിത മേഖലയിലൂടെ അജ്ഞാ ഡ്രോണ്‍ പറന്ന സംഭവത്തില്‍ ചില നിർണായ സൂചനകൾ ലഭിച്ചു. ഡ്രോൺ നിയന്ത്രിച്ചത് കടലിൽനിന്നാണെന്നാണ് വിവരം.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. രാജ്യരക്ഷയിൽ തന്ത്രപ്രധാനമായ സ്ഥലത്ത് നിലവിലുള്ള റഡാറിനേയും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളേയും നോക്കുകുത്തിയാക്കിയുള്ള അജ്ഞാത ഡ്രോണിന്റെ കടന്നുകയറ്റം നാവികസേനാ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
എവിടെ നിന്നാണ് ഡ്രോൺ കടന്നു വന്നതെന്ന് കണ്ടെത്താനായിട്ടില്ല. ഏത് തരത്തിൽപ്പെട്ട ഡ്രോണാണ് പറന്നതെന്ന കാര്യത്തിലും വ്യക്തത വരുത്താനായിട്ടില്ല. ഡ്രോണിന്റെ ലക്ഷ്യവും അജ്ഞാതമായി തുടരുകയാണ്.
ഡ്രോണ്‍ വെടിവച്ചിടാനുള്ള നിര്‍ദേശം സുരക്ഷാ ചുമതലയിലുള്ളവര്ക്കുണ്ടായിരുന്നെങ്കിലും വെടിവയ്ക്കുന്നതിന് മുമ്പേ ഡ്രോൺ അപ്രത്യക്ഷമായി. മറ്റുള്ളവരുടെ ശ്രദ്ധ കുറഞ്ഞിരിക്കുന്ന രാത്രി സമയത്ത് കടലോരത്ത് കൂടി ഇത്തരത്തിലൊരു ഡ്രോണ്‍ പറന്നതും ദുരൂഹത വർധിപ്പിക്കുന്നു.
കടലില്‍നിന്നാണ് ഡ്രോണ്‍ നിയന്ത്രിച്ചിരുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കടൽ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എട്ടിക്കുളം, പാലക്കോട് കടപ്പുറങ്ങളില്നിന്നു സംഭവദിവസം കടലില്‍പ്പോയ ബോട്ടുകളുടെ വിവരം പോലീസ് ശേഖരിച്ചു വരികയാണ്.
സംശയാസ്പദമായ തരത്തില്‍ എന്തെങ്കിലും മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്പ്പെട്ടിരുന്നുവോയെന്ന് കണ്ടെത്താനാണിത്. തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും നടക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അത്യന്തം ഗൗരവത്തോടെയാണ് പോലീസും നാവിക അക്കാഡമി അധികൃതരും ഈ പ്രശ്നത്തെ നോക്കിക്കാണുന്നത്.
കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പിയെ കൂടാതെ പയ്യന്നൂർ പ്രിൻസിപ്പൽ എസ്ഐ ശ്രീജിത്ത് കൊടേരി, എസ്ഐ ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.