തുറവൂർ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിലായി. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിൽ ചാലാപ്പള്ളി വീട്ടിൽ പരേതനായ ഷാജിയുടെ മകൻ ഷാരൂണിനെയാണ് (24) കുത്തിയതോട് പോലീസ് അറസ്റ്റു ചെയ്തത്.
നാളുകളായി ഇയാൾ കുത്തിയതോട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പത്താം വാർഡിൽ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ. രതീഷിനും, പി. പ്രവീണിനും കിട്ടിയ രഹസ്യ വിവരം. ഐഎസ്എച്ച്ഒ വൈ. മുഹമ്മദ് ഷാഫിക്കിനു കൈമാറുകയും ഷാരുണിനെ രഹസ്യമായി നിരീക്ഷിക്കുവാൻ നിർദേശിക്കുകയും ചെയ്തു.
തുടർന്ന് ഇന്നലെ പതിവുപോലെ വീടിനോട് ചേർന്ന് ചാക്കിൽ നട്ടിരുന്ന കഞ്ചാവ് ചെടികളെ പരിപാലിക്കുന്ന സമയത്ത് കുത്തിയതോട് സബ്ബ് ഇൻസ്പെക്ടർ ഏലിയാസ് ജോർജിന്റെ നേതൃത്വത്തിൽ ഷാരുണിനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
വീട്ടിൽ ഇതുവരെ ഒരു കൃഷിയും ചെയ്യാത്ത ഷാരൂണ്‍ പതിവായി പ്ലാസ്റ്റിക് ചാക്കിനകത്ത് വെച്ച ചെടിക്ക് വെള്ളമൊഴിക്കുന്നത് ശ്രദ്ധിച്ച അമ്മ എന്താണ് ചെടി എന്ന് ചോദിച്ചപ്പോൾ ജമന്തി പോലെ ഒരു ചെടിയാണെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്.
കുത്തിയതോട്ടിൽ വിവിധ സ്ഥലങ്ങളിലായി ഗഞ്ചാവിന്റെ ഉപയോഗം വർധിക്കുന്നു എന്ന് നിരവധി പരാതികൾ ലഭിച്ചതിനെ ത്തുടർന്ന് കുത്തിയതോട് പോലീസ് നാളുകളായി നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ ഫലമാണ് ഷാരൂണിന്റെ അറസ്റ്റിൽ കലാശിച്ചത്.
ഷാരൂണിന്റെ പക്കൽ നിന്നും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങൾ ലഭിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുവാനും കഞ്ചാവിന്റെ ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്താനും സാധിക്കുമെന്ന് കുത്തിയതോട് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി പറഞ്ഞു.
2016ൽ ഷാരൂണ്‍ കഞ്ചാവ് ഉപയോഗിച്ചതിന് കുത്തിയതോട് പോലീസ് കേസെടുത്തതിന്റെ പേരിൽ കോടതി ശിക്ഷിച്ചിട്ടുള്ളതാണ്. ഷാരൂണിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവു ലോബിക്കെത്തിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ചേർത്തല ഡിവൈഎസ്പി എ.ജി. ലാൽ അറിയിച്ചു.