പത്തനംതിട്ട: കോന്നി കല്ലേലിയിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങി കന്നുകാലികളെ കൊന്നു, ജനം ഭീതിയില്‍. ഹാരിസണ്‍ കമ്പനിയുടെ കല്ലേലി തോട്ടത്തിലെ റബര്‍ ഡിവിഷനില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനു സമീപമാണ് എതാനും ദിവസമായി പുലിയുടെ സാന്നിധ്യമുള്ളത്.
തൊഴിലാളികളില്‍ പലരും രാത്രികാലങ്ങളില്‍ ഇതിനെ കണ്ടിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി രണ്ട് പശുക്കിടാവുകളെയാണ് പുലി കൊന്നു തിന്നത്. ലയത്തിലെ തൊഴിലാളികള്‍ വളര്‍ത്തുന്ന കിടാക്കളെയാണ് പുലി വകവരുത്തിയത്.
പുലര്‍ച്ചെ നാലോടെ തോട്ടത്തില്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികളെ കണ്ട് പുലി പശുക്കിടാവിനെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. കോന്നി വനംഡിവിഷനിലെ പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കടിയാര്‍ മേഖലയിലാണ് പുലിയുടെ സാന്നിധ്യം ഉള്ളത്.
രണ്ട് വര്‍ഷം മുന്‍പും കല്ലേലിയില്‍ പുലി ഇറങ്ങിയിരുന്നു. വീണ്ടും പുലി ഇറങ്ങിയതോടെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ ഭീതിയിലായി.
സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഏറെപ്പേരും പുലര്‍ച്ചെ ടാപ്പിംഗിനായി തോട്ടത്തിലേക്ക് ഇറങ്ങുന്നവരാണ്. ഇവരാണ് ഏറെ ഭയപ്പാടിലായത്. കൊച്ചു കുട്ടികളുടെ സുരക്ഷയാണ് മറ്റൊരു ആശങ്ക.
പുലിയെ പലതവണ കണ്ട പ്രദേശത്തുകൂടി വേണം പ്രദേശവാസികള്‍ക്ക് ബസ് സ്റ്റോപ്പിലേക്ക് എത്താന്‍. സ്കൂളില്‍ പോകുന്ന കുട്ടികളടക്കം ഇതുവഴിയാണ് പോകുന്നത്.
കല്ലേലി തോട്ടം മേഖലയില്‍ നാല് സ്ഥലങ്ങളിലായി 250 ഓളം ആളുകള്‍ അധിവസിക്കുന്നുണ്ട്. പരാതിയുമായി കല്ലേലിയിലെ ഫോറസ്റ്റ് സ്റ്റേഷനില്‍ സമീപിച്ചപ്പോള്‍ പാടം സ്റ്റേഷനില്‍ പരാതിനല്കാന് പറഞ്ഞതായും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയാഴ്ചയും ഈ ഭാഗത്തു പുലിയെ കണ്ടിരുന്നു.
വനപാലകര്‍ സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. പുലിയ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
വേനല്‍ക്കാലമായതിനാല്‍ കാടിറങ്ങിയ പുലി ഉടന്‍ തിരികെ പോകാനിടയില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇതു ജനവാസമേഖലയില്‍ പ്രശ്നങ്ങള്‍ക്കു കാരണമാകും.