കൊച്ചി: രാത്രിസമയത്ത് ട്രെയിനുകളില്‍ ട്രാന്സ്ജെന്ഡറുകള് യാത്രക്കാരെ ശല്യം ചെയ്യുകയും നിര്‍ബന്ധിത പണപ്പിരിവ് നടത്തുകയും ചെയ്യുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി റെയില്‍വേ പ്രൊട്ടക്ഷ്ന്‍ ഫോഴ്സ് (ആര്‍പിഎഫ്). അസിസ്റ്റന്റ് കമ്മീഷണുറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ട്രെയിനുകളില്‍ പരിശോധന നടത്തുന്നത്.
ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞദിവസം ഡല്‍ഹി സ്വദേശിയായ പൂജ (24) എന്ന ട്രാന്‍സ്ജെന്‍ഡറെ ആര്‍പിഎഫ് പിടികൂടിയിരുന്നു.
രണ്ടാഴ്ച മുമ്പ് ഏഴ് ട്രാന്‍സ്ജെന്‍ഡറുകളെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത് യാത്രക്കാരെ ശല്യം ചെയ്തതിനും നിര്‍ബന്ധിത പണപ്പിരിവ് നടത്തിയതിനും ആര്‍പിഎഫ് പിടികൂടിയിരുന്നു. കഴിഞ്ഞദിവസം പിടിയിലായ പൂജ ഉള്‍പ്പെടെയുള്ള ഈ എട്ടുപേരും നിലവില്‍ റിമാന്‍ഡിലാണ്.
പിടിയിലായവര്‍ മുഴുവന്‍പേരും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്. ഇവര്‍ കൂടുതലും പണപ്പിരിവ് നടത്തുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ട്രെയിനുകളിലുമാണെന്ന് ആര്‍പിഎഫ് എസ്ഐ ജെ.വര്‍ഗീസ് പറഞ്ഞു.
കേരളത്തിന്റെ പലഭാഗങ്ങളിലായി ഇവര്‍ സംഘങ്ങളായി തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പിടിയിലായ പൂജ പാലക്കാടാണ് താമസിച്ചിരുന്നത്.
എസി കോച്ചില്‍ പണപ്പിരിവ് നടത്തുന്നതിനിടെയാണ് ആലുവയില്‍ നിന്നും പൂജയെ ആര്‍പിഎഫ് പിടികൂടിയത്. ഇതുകൂടാതെ കോയമ്പത്തൂരില്‍ തമ്പടിച്ചിരുന്ന സംഘത്തെയാണ് രണ്ടാഴ്ച മുമ്പ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ട്രെയിനുകളില്‍ ട്രാന്സ്ജെന്ഡറുകള് പണപ്പിരിവ് നടത്തുന്നത് സാധാരണമാണ്. ഇത് കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംഘം എത്തിയിരിക്കുന്നത്.
ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന ഉത്തരേന്ത്യക്കാരായ യാത്രികര്‍ ഒന്നുമിണ്ടാതെ പണം നല്‍കുന്നുണ്ട്. മലയാളികളായ യാത്രികരാണ് ഇതിനെതിരെ പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.