സ്വന്തം ലേഖകൻ
തൃശൂർ: മുളയം മുല്ലക്കരയിൽ കോർപറേഷൻ രഹസ്യമായി സ്ഥാപിക്കാനൊരുങ്ങിയ മാലിന്യപ്ലാന്റിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ലാലൂരിൽ നടപ്പാക്കാനുദ്ദേശിച്ച മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് മുളയത്തേക്കു മാറ്റാനുള്ള നീക്കത്തിനെതിരെയാണു നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
മുൻ എംഎൽഎ എം.പി. വിൻസെന്റ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗണ്‍സിലർമാരും കോണ്‍ഗ്രസ് പ്രതിനിധികളും ഇന്നലെ പദ്ധതി സ്ഥലം സന്ദർശിച്ചപ്പോൾ വീട്ടമ്മമാരുൾപ്പെടെ നിരവധിപേർ പരാതിയുമായി തടിച്ചുകൂടി.
കുന്നിൻ ചെരുവിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പ്ലാന്റിന്റെ വെറും പത്തു മീറ്റർ മാത്രം അകലത്തിലാണു ജനങ്ങൾ തിങ്ങി പ്പാർക്കുന്ന പട്ടികജാതി കോളനിയുള്ളത്. കുന്നിന്റെ മറുവശത്തുള്ള പോപ്പ് പോൾ നഗറിൽ ഇരുന്നൂറിലധികം കുടുംബങ്ങളും താമസിക്കുന്നു.
പ്ലാന്റ് വന്നാൽ തങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്നാണു നാട്ടുകാരുടെ ആശങ്ക. ജനവാസ മേ ഖലയിലെ മാലിന്യ പദ്ധതിക്കെതിരേ ശക്തമായ എതിർപ്പ് ഉണ്ടാകുമെന്നു മനസിലാക്കിയ സർക്കാർ പദ്ധതി രഹസ്യമായി മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം രാഷ്ട്രദീപിക വാർത്ത നൽകിയിരുന്നു.
ഗ്രാമസഭയിൽ പോലും ചർച്ച ചെയ്യാതെ പ്ലാന്റ് അടിച്ചേൽപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നാണു നാട്ടുകാരുടെ നിലപാട്. ജനസാന്ദ്രത കൂടിയ പ്രദേശമായ മുളയം റോഡിലൂടെയാണു മാലിന്യം നിറച്ച വാഹനങ്ങൾ കടന്നുപോകുകയെന്നതും നാട്ടുകാരുടെ എതിർപ്പ് ശക്തമാക്കുന്നു.
നാട്ടുകാരുടെ പരാതി കേട്ട എം.പി. വിൻസെന്റ്, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ശ്രദ്ധയിൽ കാര്യം കൊണ്ടുവരുമെന്ന് ഉറപ്പു നൽകി. മേയറോടും ജില്ലാ കളക്ടറോടും ജനങ്ങളുടെ ആശങ്കയെക്കുറിച്ച് ബോധ്യപ്പെടുത്തുമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലനും അറിയിച്ചു.
കൗണ്‍സിലർമാരായ ഫ്രാൻസിസ് ചാലിശേരി, സി.ബി. ഗീത, ടി.ആർ. സന്തോഷ്കുമാർ, ലാലി ജെയിംസ്, എം.ആർ. റോസിലി, ജേക്കബ് പുലിക്കോട്ടിൽ, ഷീന ചന്ദ്രൻ, ബിന്ദുക്കുട്ടൻ, ബി. ഗീത തുടങ്ങിയവരും സമരസമിതിക്കു നേതൃത്വം കൊടുക്കുന്ന കെ.സി. അഭിലാഷ്, എം.എൽ. ബേബി, കെ.സി. അനിരുദ്ധൻ, എം.യു. മുത്തു, പി.യു. ഹംസ, ടിറ്റോ തോമസ്, ജിതേഷ് ബൽറാം, ടി.ജി. പ്രേമചന്ദ്രൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണു നാട്ടുകാർ ഒരുങ്ങുന്നത്. പാരന്പര്യേതര മാർഗങ്ങളിലൂടെ വൈദ്യുതി ഉത്പാദനം ഭരണനേട്ടമാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണു പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്.