ന്യൂഡൽഹി: സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി ഇതു സംബന്ധിച്ച സൂചന നൽകിയത്.
ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നതെന്നു മോദി ട്വീറ്റ് ചെയ്തു.
ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ മോദി ആലോചിക്കുന്നതെന്നു വ്യക്തമല്ല.
ട്വിറ്ററിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററിൽ 53.3 ദശലക്ഷം, ഫേസ്ബുക്കിൽ 44 ദശലക്ഷം, ഇൻസ്റ്റഗ്രാമിൽ 35.2 ദശലക്ഷം, യൂട്യൂബിൽ 4.5 ദശലക്ഷം എന്നിങ്ങനെയാണ് മോദിയെ പിന്തുടരുന്ന ആളുകളുടെ എണ്ണം.
2014-ൽ പ്രധാനമന്ത്രിയായശേഷം മോദി ഒരു തവണ പോലും വാർത്താസമ്മേളനം നടത്തിയിട്ടില്ല. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത്.