കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിനു 18 മുതൽ 20 മണിക്കൂർ മുന്പു മരണം സംഭവിച്ചു.
മൃതദേഹം അഴുകി തുടങ്ങിയിരുന്നു. വയറ്റിൽ വെള്ളവും ചെളിയും കലർന്നിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പോലീസിനു പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി.
ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്.
ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും നടത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
നേരത്തേ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോ. വൽസല അടക്കമുള്ളവർ പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളതു മുങ്ങിമരണം തന്നെയാണെന്നാണ്.
തടയണയ്ക്കു സമീപം നിർമിച്ചിട്ടുള്ള താത്കാലിക നടപ്പാലം കയറവേ കാൽവഴുതി പുഴയിൽ വീണതാകാമെന്നാണു നിഗമനം.
വെള്ളം കുടിച്ചപ്പോൾ താഴ്ന്നു. പിന്നീട് ഉയർന്നിട്ടുണ്ടാകും. തുടർന്ന് മരണ വെപ്രാളത്തിൽ പുഴയിൽ താഴ്ന്ന് ചെളിയിൽ പൂഴ്ന്നിരിക്കാമെന്നാണ് കരുതുന്നത്.
ശ്വാസകോശത്തിൽ ചെളിയുടെ അംശം ഉണ്ടായിരുന്നെങ്കിലും കുറവായിരുന്നു. എന്നാൽ വയറ്റിൽ വെള്ളം കൂടുതലായി ഉണ്ടായിരുന്നു.
എന്നാൽ, പുഴയുടെ ഭാഗം വരെ ദേവനന്ദ ഒറ്റയ്ക്കു പോകില്ല എന്ന നാട്ടുകാരുടെ സംശയം പോലീസും തള്ളിക്കളയുന്നില്ല. ചെരുപ്പ് ധരിക്കാതെയാണ് കുട്ടി പുറത്തു പോയിട്ടുള്ളത്.
ഇതും നാട്ടുകാരിൽ സംശയം ജനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ, ബലപ്രയോഗത്തിലൂടെ കുട്ടിയെ കൊണ്ടുപോയതിന്റെ തെളിവുകൾ ഒന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമില്ല.