ന്യൂഡൽഹി: മേക്ക് ഇൻ ഇന്ത്യയെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും വാചാലരാകുന്ന നരേന്ദ്ര മോദി സർക്കാരിലെ കേന്ദ്ര മന്ത്രിമാരുടെ മക്കളും പഠിക്കുന്നത് വിദേശ സർവകലാശാലകളിൽ.
ഐഐഎം, ഐഐടി ഉൾപ്പെടെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങൾ രാജ്യത്തുണ്ടായിട്ടും കേന്ദ്രമന്ത്രിസഭയിലെ 56 മന്ത്രിമാരിൽ 12 പേരുടെയും മക്കൾ പഠിക്കുന്നത് ഹാർവാഡ്, ഓക്സ്ഫഡ്, കേംബ്രിഡ്ജ്, ലണ്ടൻ തുടങ്ങിയ സർവകലാശാലകളിൽ.
കേന്ദ്ര റെയിൽവേ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ മകൾ രാധിക 2019 മേയിലാണ് ഹാർവാഡ് സർവകലാശാലയിൽ നിന്നു പഠനം പൂർത്തിയാക്കിയത്.
പിയൂഷ് ഗോയലിന്റെ മകൻ ധ്രുവ് സാന്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയശേഷം ഇപ്പോൾ എംബിഎ പഠിക്കുന്നതും ഹാർവാഡിൽ തന്നെയാണ്.
കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറുടെ മകൻ അപൂർവ സാന്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയത് ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിൽനിന്നാണ്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ മകൻ ലണ്ടനിലെ ലീഡ്സ് സർവകലാശാലയിൽനിന്നാണ് എംബിഎ നേടിയത്.
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ മകൾ വാംഗ്മയി പറകാല ജേർണലിസത്തിൽ മാസ്റ്റർ ബിരുദം നേടിയത് ഇല്ലിനോയിസിലെ നോർത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലാണ്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ മകൻ ധ്രുവ മാസ്റ്റർ ബിരുദം നേടിയത് അമേരിക്കയിലെ ജോർജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലാണ്.
അദ്ദേഹത്തിന്റെ മകൾ മേധ സിനിമാ പഠനത്തിൽ ബിരുദം നേടിയത് ഡെനിസണ്‍ യൂണിവേഴ്സിറ്റിയിൽനിന്നുമാണ്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ മകൻ ആദിത്യ ശങ്കർ എൽഎൽഎം പഠിച്ചത് കോർണൽ യൂണിവേഴ്സിറ്റിയിലാണ്.
ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ ഇളയ മകൻ സച്ചിൻ അക്കൗണ്ടൻസി, സാന്പത്തികശാസ്ത്ര പഠനം പൂർത്തിയാക്കിയത് മെൽബണിലെ മൊനാഷ് യൂണിവേഴ്സിറ്റിയിൽനിന്നുമാണ്.
ഭക്ഷ്യസംസ്കരണ മന്ത്രിയും അകാലിദൾ നേതാവുമായ ഹർസിമ്രത് കൗറിന്റെ മകൾ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നാണു ബിരുദം നേടിയത്.
കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ മകൾ സുഹാസിനി പഠിച്ചത് ഓക്സഫഡ് സർവകലാശാലയിലാണ്.
കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ മകൻ അരുണോദയ് സാന്പത്തി വികസനം പഠിച്ചതും ഓക്സ്ഫഡ് സർവകലാശാലയിൽനിന്നാണ്.
കേന്ദ്ര സഹമന്ത്രി സഞ്ജയ് ധോത്രയുടെ മകൻ നകുൽ എൻജിനീയറിംഗ് പഠിച്ചത് കാലിഫോർണിയ സർവകലാശാലയിൽ നിന്നാണ്. നകുൽ കാലിഫോർണിയയിൽ തന്നെയാണ് സ്ഥിരതാമസമാക്കിയിരിക്കുന്നതും.
കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകൾ തിലോത്തമ ബിരുദം നേടിയത് വാർവിക് സർവകലാശാലയിൽനിന്നാണ്. പിന്നീട് ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് എൽഎൽഎമ്മും നേടി.
സെബി മാത്യു