അന്പലപ്പുഴ: ആയിരങ്ങൾ കമ്മീഷൻ പറ്റി സെക്യൂരിറ്റി ജീവനക്കാർ ആംബുലൻസ് ഏജന്റുമാരായി മാറുന്നതായി ആരോപണം. വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിലെ ചില സെക്യൂരിറ്റി ജീവനക്കാരാണ് രോഗികളെ പിഴിഞ്ഞ് പണം സമ്പാദിക്കുന്നത്
അത്യാസന്ന നിലയിലായ രോഗികളെ എറണാകുളത്തോ തിരുവനന്തപുരത്തോ കൊണ്ടു പോകുന്നതിന് ഐസിയു സംവിധാനമുള്ള ആംബുലൻസുകൾ ആവശ്യമാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്ന രോഗികൾക്കും ഇവരുടെ ബന്ധുക്കൾക്കും ഐസിയു സംവിധാനമുള്ള ആംബുലൻസുകളെക്കുറിച്ച് യാതൊരു അറിവും കാണില്ല.
ഇതാണ് ചില സെക്യൂരിറ്റി ജീവനക്കാർ മുതലെടുക്കുന്നത്. കൊച്ചിയിൽ പോകുന്നതിന് ഏഴായിരവും തിരുവനന്തപുരത്തു പോകുന്നതിന് പതിനായിരം രൂപയുമാണ് സെക്യൂരിറ്റിക്കാരുടെ ഇടപാടിൽ വാങ്ങുന്നത്. ഇതിൽ 1600 മുതൽ 2000 രൂപ വരെയാണ് സെക്യൂരിറ്റി ജീവനക്കാർ കമ്മീഷനായി ഈടാക്കുന്നത്.
ആവശ്യക്കാർ നേരിട്ട് ആംബുലൻസ് ജീവനക്കാരെ സമീപിക്കുകയാണെങ്കിൽ ഈ കമ്മീഷൻ തുക ലാഭിക്കാൻ കഴിയും. പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന ഇത്തരം സെക്യൂരിറ്റി ജീവനക്കാർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.