ചങ്ങരംകുളം:സാഹോദര്യത്തിനും സൗഹാർദത്തിനും മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ് ചിയ്യാനൂർ സ്വദേശിയായ കൈപ്രവളപ്പിൽ നാരായണൻ.
തന്റെ കണ്മണിയുടെ പിറന്നാളാഘോഷം വീടിനടുത്തുള്ള ജുമാമസ്ജിദിൽ മദ്രസ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണം വിളന്പി ആഘോഷമാക്കാനാണ് നാരായണൻ ഒരുങ്ങുന്നത്.
മകൾ അഖിതയുടെ ഒന്നാം പിറന്നാളാഘോഷമാണ് ജുമാമസ്ജിദിലെ ജീവനക്കർക്കും മദ്രസയിൽ മതപഠനത്തിനെത്തുന്ന കുട്ടികൾക്കും ഭക്ഷണം വിളന്പി നാരായണൻ ആഘോഷിക്കുന്നത്.
മതത്തിന്റെയും ജാതീയതയുടെയും പേരിൽ ഭിന്നിപ്പിക്കാനൊരുങ്ങുന്നവർക്ക് മുന്നിൽ സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും അലയൊലി തീർക്കുകയാണ് നാരായണൻ.
ബന്ധങ്ങളെ ദൃഢമാക്കി നാട്ടിലെ സൗഹാർദങ്ങൾ നിലനിർത്താനാണ് ഇത്തരമൊരു പിറന്നാളാഘോഷം ഒരുക്കാൻ കാരണമെന്ന് നാരായണൻ പറഞ്ഞു.
നാളെ രാവിലെ ഒന്പതിനു മദ്രസയിലെ വിദ്യാർഥികൾക്കുള്ള ഭക്ഷണം എത്തിച്ചു നൽകും. തുടർന്ന് നാരായണന്റെ വസതിയിൽ ജാതിമത ഭേദമന്യെ പ്രദേശവാസികൾക്കായി ഭക്ഷണം ഒരുക്കും.