പയ്യോളി: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന രണ്ട് യുവാക്കള്‍ക്ക് സാമൂഹ്യ വിരുദ്ധരുടെ ക്രൂരമർദ്ദനം.
ശനിയാഴ്ച രാത്രി 11 ഒാടെ പയ്യോളി ദേശീയപാതയിലുള്ള പുതുമഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പയ്യോളി ഏരിപ്പറമ്പ് പ്രദേശത്തെ താമസക്കാരായ കല്ലറത്ത് മുഫീദ് (19), ആഷിക്ക് (19) എന്നിവർക്കാണ് മർദ്ദനമേറ്റത് .
പരിക്കേറ്റ ഇരുവരേയും കൊയിലാണ്ടി ഗവ: ആശു പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് രണ്ട് പേരും പണമടക്കാൻ കാഷ് കൗണ്ടറിൽ എത്തിയസമയം ഹോട്ടലിലുണ്ടായിരുന്ന അഞ്ചംഗ സംഘം മുഫീദിനോടും, ആഷിക്കിനോടും പേര് ചോദിക്കുകയും പേര് പറഞ്ഞയുടനെ അഞ്ച് പേരും ചേർന്ന് രണ്ട്പേരേയും വലിച്ചിഴച് പുറത്തേക്ക് കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി ഹോട്ടലിലെ കാഷ്യർ പറഞ്ഞു.
തൊട്ടടുത്ത തുണിക്കടയിലെ സി സി ടി വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവ ശേഷം സംഘം കെ എൽ 56 ക്യു 9222 നമ്പർ കാറിൽ രക്ഷപ്പെടുകയായിരുന്നു. പയ്യോളി പോലീസ് കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളിൽആരേയും പൊലിസ് ഇതുവരേ അറസ്റ്റ് ചെയ്തിട്ടില്ല.