മണ്ണാര്‍ക്കാട്: ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകള്‍ക്ക് വ്യാപകമായി ക്ഷാമം നേരിടുന്നതായി പരാതി.
ഇതേതുടര്‍ന്ന് സ്വകാര്യ ഏജന്‍സിയുടെയും, മെഡിക്കല്‍ ഷോപ്പുകളിലും നീതി മെഡിക്കല്‍ സ്റ്റോര്‍കളിലും നിന്നും മരുന്ന് കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍,കോട്ടോപ്പാടം,കുമരംപുത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആണ് മരുന്നുകളുടെ കുറവ് അനുഭപ്പെട്ടുകൊണ്ടിരിക്കുന്നത്.
മറ്റെല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള മരുന്നുക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പുഴ ,തെങ്കര, തച്ചമ്പാറ, കരിമ്പ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ഇല്ലാത്തത് മൂലം സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ആശുപത്രി അധികൃതര്‍ പലപ്പോഴും സ്വകാര്യ ഏജന്‍സികളെ സമീപിച്ചു മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമാണ്. മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍.
പല ആശുപത്രികളിലും കുത്തിവെപ്പിനുള്ള അവശ്യമരുന്നുകളും സിറിഞ്ചും ഇല്ല. കാന്‍സര്‍, ഹൃദ്രോഗം എന്നിവയ്ക്കുമുതല് ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍വരെ കിട്ടാനില്ല. സിറിഞ്ചും സൂചിയും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളും ആന്റിബയോട്ടിക്കുകളും ലഭിക്കുന്നില്ല.
വേദനസംഹാരികളും ഇല്ല. സാധാരണക്കാര്‍ ആശ്രയിക്കുന്ന കാരുണ്യ, മെഡികെയര്‍ എന്നിവിടങ്ങളിലും മരുന്ന് കിട്ടാനില്ല. മുറിവുകള്‍ വെച്ചുകെട്ടാനുള്ള രോഗികളെയും ആശുപത്രി ജീവനക്കാരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്.
പുറത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മരുന്നുവാങ്ങുമ്പോള്‍ രോഗികള്‍ക്ക് കൂടുതല്‍ പണം മുടക്കേണ്ട അവസ്ഥയാണുള്ളത്. നഴ്സുമാര്‍ ഓരോ രോഗികളെയും പരിശോധിക്കുകയോ മുറിവ് വെച്ചുകെട്ടുകയോ ചെയ്തശേഷം കൈകഴുകുന്നതിനുള്ള ഹാന്‍ഡ് വാഷോ മറ്റു ശുചീകരണ ലായനികളോ കിട്ടാനില്ല.
നഴ്സുമാര്‍ പോലും സ്വന്തം പണം മുടക്കിയാണ് ഹാന്‍ഡ് വാഷ് വാങ്ങിക്കുന്നത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മരുന്നു കമ്പനികള്‍ക്ക് നല്കാന് കുടിശികയുള്ള പശ്ചാത്തലത്തിലാണ് കടുത്ത മരുന്നുക്ഷാമം. മരുന്നുകളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ഉപയോഗം കൂടിയതായും അധികൃതര്‍ പറയുന്നു.
ചിലയിടങ്ങളില്‍ അവശ്യ മരുന്നുകള്‍ എത്തിച്ചെങ്കിലും ഉടന്‍ തീരുമെന്ന സ്ഥിതിയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ലിസ്റ്റ് നല്‍കലും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും അതുപ്രകാരമുള്ള മരുന്നുകള്‍ ഏപ്രിലില്‍ മാത്രമേ ലഭിക്കു. സാങ്കേതികമായി അധികൃതരുടെ പിഴവില്ലെങ്കില്ക്കൂടി അടുത്തമാസവും ആശുപത്രികളില്‍ ഈ സ്ഥിതി തുടരും.
അടിയന്തരമായി തന്നെ അധികൃതര്‍ ഇടപെടുകയും നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമാണ് ശക്തമാകുന്നത്. നിരവധി ആളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ആശ്രയിച്ചു ജീവിക്കുന്നത്.ക്ഷാമം പരിഹരിക്കുകയും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.