കൊച്ചി: നടൻ ഷെയിൻ നിഗവും നിർമാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്. ചൊവ്വാഴ്ച ചേർന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിർവാഹക സമിതി യോഗത്തിലാണു പ്രശ്നങ്ങൾ തീർക്കുന്നതിന് തീരുമാനമെടുത്തത്.
വെയിൽ, കുർബാനി എന്നീ സിനിമകളുടെ നിർമാതാക്കൾക്ക് നഷ്ടപരിഹാരം നൽകാൻ യോഗത്തിൽ തീരുമാനിച്ചു. ഇത് ഷെയിൻ നിഗം അംഗീകരിച്ചിട്ടുണ്ട്.
പണം നൽകുന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം ചർച്ച നടക്കും. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗത്തിലേക്ക് ഷെയിൻ നിഗത്തെയും വിളിച്ചുവരുത്തിയിരുന്നു.
എല്ലാം നല്ല രീതിയിൽ അവസാനിക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പ്രത്യാശ പ്രകടിപ്പിച്ചു. ഷെയിൻ നിഗവും നിർമാതാക്കളുമായി ഏതാനും നാളുകളായി തുടരുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അമ്മ നിർവാഹക സമിതിയോഗം ചേർന്നത്.
യോഗത്തിൽ മുകേഷ്, ഗണേഷ് എന്നിവരൊഴികെ എല്ലാ അംഗങ്ങളും പങ്കെടുത്തു.