തിരുവനന്തപുരം: ഏഴുവയസുകാരി ദേവനന്ദ ദുരൂഹമായി മരിച്ചതുപോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കേരളത്തിലെവിടെയും ഒറ്റപ്പെട്ട നിലയിൽ കാണുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
കേരളത്തിലെ ഓരോരുത്തരുടെയും മനസിൽ ഇത്തരമൊരു ജാഗ്രത ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി നൽകവേ മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ മനസിലെ മായാത്ത വേദനയായി മാറിയിരിക്കുകയാണു ദേവനന്ദ. കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ കുഞ്ഞിന്റെ അച്ഛനമ്മമാരുടെ ദുഃഖം. ഏഴുവയസുള്ള കുട്ടിയെ കാണാതായ വിവരം അറിഞ്ഞതു മുതൽ ഈ സമൂഹമാകെ മനസുകൊണ്ട് കുഞ്ഞിന് ഒന്നും പറ്റരുതേ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു.
പോലീസ് അടക്കമുള്ള സർക്കാർ സംവിധാനങ്ങളാകെ ഈ ഘട്ടത്തിൽ കുഞ്ഞിനെ കണ്ടെത്താൻ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ഉറക്കമിളച്ച് അവിടെ കേന്ദ്രീകരിച്ചു.
ഞങ്ങളൊക്കെത്തന്നെ ചെറിയ ഇടവേളകളിൽ ആ കുഞ്ഞിനെക്കുറിച്ച് വിളിച്ച് അന്വേഷിച്ചുകൊണ്ടേയിരുന്നു. ഏതുവിധേനയും കുഞ്ഞിനെ ജീവനോടെ കണ്ടെത്താൻ നിർദേശങ്ങൾ നൽകിക്കൊണ്ടും അതിന് മേൽനോട്ടം വഹിച്ചുകൊണ്ടുമിരുന്നു.
എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കും വിധമാണ് ആ തെരച്ചിൽ അവസാനിച്ചത്. പല ഊഹാപോഹങ്ങളും അനുമാനങ്ങളും ഈ സംഭവത്തെ തുടർന്നുണ്ടായി. എന്നാൽ, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലേ പോലീസിനു നീങ്ങാനാകൂ.
ശാസ്ത്രീയമായ അന്വേഷണ വഴിയിൽ പോലീസ് തന്നെ ഒടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ സ്ഥലത്ത് പത്തുവർഷത്തിനുള്ളിൽ അഞ്ചുപേർ മരണപ്പെട്ടിട്ടുണ്ട്. അപായകരമായ സ്ഥാനമാണിത്.
അവിടെ വള്ളിക്കിടയിൽ കുഞ്ഞിന്റെ മൃതദേഹം കുടുങ്ങിക്കിടന്നതു കണ്ടെത്തിയതിൽ നിന്നുതന്നെ അന്വേഷണ വഴികൾ ശരിയായിരുന്നു.
കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ഉടൻതന്നെ വയർലസ് മെസേജ് മുഖേനെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും റെയിൽ അലർട്ടുകളിലേക്കും ജാഗ്രതാ സന്ദേശങ്ങൾ അയച്ചു. കേന്ദ്ര വെബ് പോർട്ടലായ ട്രാക്ക് ചൈൽഡിൽ വിവരം നൽകി. 13 അംഗ അന്വേഷണ സംഘം രൂപീകരിച്ചു.
വിവിധ യൂണിറ്റുകളിൽ നിന്നുള്ള അന്പതോളം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തെരച്ചിൽ നടത്തി. ഡോഗ് സ്ക്വാഡ്, സയന്റിഫിക് എക്സ്പെർട്ട്, ഫിംഗർ പ്രിന്റ് എക്സ്പെർട്ട് എന്നിവരുടെ സേവനം ഉപയോഗിച്ചു.
പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വീടിനു സമീപത്തൂടെ ഒഴുകുന്ന പള്ളിമണ് ആറിൽ ഫയർഫോഴ്സ് സേനാംഗങ്ങളുടെ സേവനം ഉപയോഗിച്ച് തെരച്ചിൽ നടത്തി.
കാണാതായ കുട്ടി ഏതെങ്കിലും തരത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാനായി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
ദേവനന്ദയുടെ മൃതദേഹത്തിൽ നിന്നു ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.