ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. മുപ്പതു വയസ് കഴിഞ്ഞാൽ റിഫ്ളക്സും കാഴ്ചശക്തിയും കുറയുമെന്നും ഇതു മറികടക്കാൻ കോഹ്ലി കഠിന പരിശീലനം ചെയ്യണണമെന്നും കപിൽ പറഞ്ഞു.
ഒരു പ്രത്യേക പ്രായത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞാൽ, അതായത് 30 കടന്നാൽ ഒരാളുടെ കാഴ്ചശക്തി കുറഞ്ഞു തുടങ്ങും. ഇൻസ്വിംഗറുകൾ ഫ്ളിക് ഷോട്ടിലൂടെ ബൗണ്ടറി കടത്തുന്നതായിരുന്നു കോഹ്ലിയുടെ കരുത്ത്. ന്യൂസീലൻഡിൽ അതേ ഷോട്ടിനു ശ്രമിച്ച് കോഹ്ലി രണ്ടു തവണ പുറത്തായി. അതുകൊണ്ട് കാഴ്ചയുടെ കാര്യത്തിൽ കോഹ്ലി കാര്യമായി എന്തെങ്കിലും ചെയ്യേണ്ട സമയമായി- കപിൽ പറഞ്ഞു.
വലിയ താരങ്ങൾ പിച്ച് ചെയ്ത് അകത്തേക്കു തിരിയുന്ന പന്തുകളിൽ തുടർച്ചയായി ബൗൾഡാവുകയോ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്താവുകയോ ചെയ്യുന്നത് ഇതിന്റെ ലക്ഷണമാണ്. നമ്മുടെ ശക്തി തന്നെ ഏറ്റവും വലിയ ദൗർബല്യമായി മാറും. ഇത് മറികടക്കാൻ കൂടുതൽ പരിശീലനം നടത്തുകയേ നിർവാഹമുള്ളുവെന്നും കപിൽ ചൂണ്ടിക്കാട്ടി.
വീരേന്ദർ സെവാഗും രാഹുൽ ദ്രാവിഡും വിവിയൻ റിച്ചാർഡ്സുമെല്ലാം ഈ ഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണെന്നും ഐപിഎല്ലിൽ കളിക്കുന്നത് പഴയ ഫോം വീണ്ടെടുക്കാൻ കോഹ്ലിയെ സഹായിക്കുമെന്നും കപിൽ കൂട്ടിച്ചേർത്തു.