ടോക്കിയോ: കൊറോണ വൈറസ് മരണം വിതച്ച് മുന്നേറുന്ന സാഹചര്യത്തിൽ ടോക്കിയോ 2020 ഒളിന്പിക്സ് നീട്ടിവച്ചേക്കുമെന്ന് ജാപ്പനീസ് ഒളിന്പിക്സ് മന്ത്രി.
ഈ വർഷം അവസാനത്തേക്ക് ഒളിന്പിക്സ് മാറ്റിവയ്ക്കേണ്ടിവന്നേക്കുമെന്ന് മന്ത്രി സെയ്കോ ഹഷിമോട്ടോ ഇന്നലെ പാർലമെന്റിൽ അറിയിച്ചു.
ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റിയുമായുള്ള (ഐഒസി) കരാർ 2020 അവസാനംവരെയുണ്ടെന്നും അതിനാൽ വർഷാവസാനത്തേക്ക് ഒളിന്പിക്സ് മാറ്റിവയ്ക്കുന്നതിൽ അപാകതയില്ലെന്നും സെയ്കോ ഹഷിമോട്ടോ പാർലമെന്റിൽ അറിയിച്ചു.
അതേസമയം, ഒളിന്പിക്സ് മുൻനിശ്ചയപ്രകാരം നടത്താൻ ആവുന്നതെല്ലാം ചെയ്യുമെന്നും ഹഷിമോട്ടോ വ്യക്തമാക്കി. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്‍പത് വരെയാണ് ടോക്കിയോ ഒളിന്പിക്സ് അരങ്ങേറേണ്ടത്.
ഒളിന്പിക്സ് റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യേണ്ടത് ഐഒസിയുടെ അധികാരപരിധിയിൽവരുന്നതാണ്. മേയ് മാസം ആംഭിക്കുന്നതിനു മുന്‍പ് കൊറോണ വൈറസ് നിയന്ത്രണവിധേയമോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്തില്ലെങ്കിൽ ഒളിന്പിക്സ് മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഐഒസി വൈസ് പ്രസിഡന്റ് ഡിക് പൗണ്ട് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധം ശക്തം
ഒളിന്പിക്സ് പ്രഖ്യാപിക്കപ്പെട്ട തീയതിയിൽതന്നെ നടത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അടക്കം നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, കൊറോണ വൈറസ് ബാധയുടെ വ്യാപ്തി വർധിച്ച സാഹചര്യത്തിൽ ജപ്പാനിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഒളിന്പിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.
അതിനിടെ, അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ഒളിന്പിക്സ് സംഘടിപ്പിക്കണമെന്ന നിർദേശവുമായി ബ്രിട്ടീഷ് സൈക്ലിംഗ് പ്രസിഡന്റ് സ്റ്റെഫാൻ പാർക്ക് രംഗത്തെത്തി.
ഒളിന്പിക്സ് നീട്ടിവയ്ക്കുന്നതുൾപ്പെടെയുള്ളത് ഒഴിവാക്കാനുള്ള ഏക പോംവഴി ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിൽ ഉത്ഭവിച്ച കൊറോണ വൈറസ് 60 രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും 3000 പേർ കൊല്ലപ്പെട്ടെന്നുമാണ് വിവരം.
കായികലോകം സ്തംഭനത്തിൽ
കൊറോണ ഭീഷണിയെത്തുടർന്ന് ചൈനീസ് ഫോർമുല വണ്‍ ഗ്രാൻഡ് പ്രീ, ഏഷ്യൻ ബോക്സിംഗ് യോഗ്യത, ലോക ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ്, ലോക ഇൻഡോർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്, ലോക റഗ്ബി സെവൻസ് സീരീസ് തുടങ്ങിയ ചാന്പ്യൻഷിപ്പുകളെല്ലാം ഇതിനോടകം നീട്ടിവയ്ക്കുകയോ വേദിമാറ്റുകയോ ചെയ്തിട്ടുണ്ട്. ടോക്കിയോ മാരത്തണിലെ പങ്കാളിത്തം വെട്ടിക്കുറച്ചിരുന്നു. ഒളിന്പിക്സിനു മുന്‍പുള്ള ടെസ്റ്റ് ഇവന്റ്സ് റദ്ദാക്കിയിട്ടുണ്ട്.
നോർത്ത് കൊറിയ ഏപ്രിലിൽ നടക്കേണ്ട പ്യോംഗ്യാംഗ് മാരത്തണ്‍ റദ്ദാക്കി. പാരീസ് ഹാഫ് മാരത്തണും റദ്ദാക്കിയവയുടെ പട്ടികയിൽപെടും.
ഒളിന്പിക്സ് ട്രയാത്തലണ്‍ മിക്സഡ് റിലേ യോഗ്യത ചൈനയിൽനിന്ന് വലൻസിയയിലേക്ക് മാറ്റിയെങ്കിലും സ്പെയിനിലും കൊറോണ വ്യാപിച്ചതോടെ നീട്ടിവയ്ക്കേണ്ടിവരും. ജർമൻ ഓപ്പണ്‍, വിയറ്റ്നാം ഓപ്പണ്‍, പോളിഷ് ഓപ്പണ്‍, ഒളിന്പിക് യോഗ്യത ബാഡ്മിന്റണ്‍ മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.
ഡാനിഷ് സൈക്ലിംഗ് താരം മിഷേൽ മോർകോവ് കൊറോണ വൈറസ് ബാധിതനായെന്ന ആശങ്കയെത്തുടർന്ന് നിരീക്ഷണത്തിലായിരുന്നു. യുസിഐ ട്രാക്ക് സൈക്ലിംഗ് വേൾഡ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മോർകോവിന് അനുമതി നല്‍കിയിട്ടുണ്ട്.
ഇറ്റാലിയൻ സീരി എ, ചൈനീസ് ലീഗ്, കൊറിയൻ കെ ലീഗ്, ഏഷ്യൻ ചാന്പ്യൻഷിപ്പ് ലീഗ്, ജപ്പാൻ ജെ ലീഗ് തുടങ്ങിയ ഫുട്ബോൾ മത്സരങ്ങളും കൊറോണ ഭീഷണിയിൽ അകപ്പെട്ടു.