കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൃതദേഹം കട്ടപ്പനയ്ക്കു കൊണ്ടുപോയതിന് ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങിയെന്നാരോപിച്ചു കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) യ്ക്കു പരാതി.
മെഡിക്കൽ കോളജിലെ ആർപ്പൂക്കര പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിനു സമീപത്തെ സ്റ്റാൻഡിലുള്ള ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങിയെന്നാരോപിച്ച് ഗാന്ധിനഗർ കാരിമറ്റം ജോബീഷ് സിറിയക്കാണു പരാതി നൽകിയിരിക്കുന്നത്.
ഫെബ്രുവരി 14ന് രാവിലെ 9.30നു മെഡിക്കൽ കോളജിൽനിന്നും മൃതദേഹവുമായി പോയ ആംബുലൻസ് ഉച്ചയ്ക്ക് 1.30നു കട്ടപ്പനയിൽ എത്തുകയും അവിടെനിന്നു തിരിച്ച് വൈകുന്നേരം 6.30നു മെഡിക്കൽ കോളജ് സ്റ്റാൻഡിൽ എത്തുകയും ചെയ്തു. 133 കിലോമീറ്ററാണ് ഈ വാഹനം ഓടിയതെന്നും ഇത്രയും ദൂരം ഓടിയതിന് 4840 രൂപ വാങ്ങിയെന്നുമാണു പരാതി.
ആംബുലൻസ് വിളിച്ചവരുടെ മേൽവിലാസവും വാഹനം ഓടുവാനായി എത്തിയപ്പോൾ 24,959ഉം ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ 25,192 മാണു മീറ്ററിൽ കിലോമീറ്റർ കാണിക്കുന്നതെന്ന് കാണിച്ച് ആംബുലൻസ് ഡ്രൈവർ കൊടുത്ത രസീത് പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
ഈ ഇനത്തിൽ 4840 രൂപാ കൈപ്പറ്റിയതായും ഡ്രൈവർ കൊടുത്ത രേഖയിൽ പറയുന്നു. രസീതിന്റെ കോപ്പി വച്ചാണു പരാതി നൽകിയിരിക്കുന്നത്. നിലവിൽ മറ്റ് ആംബുലൻസ് ഡ്രൈവർമാർ വാങ്ങുന്ന വാടക എടുത്തശേഷം കൂടുതലായി വാങ്ങിയ പണം വാഹന ഉടമയിൽ നിന്നു തിരികെ വാങ്ങി നൽകുന്നതിനുള്ള നടപടി ആർടിഒയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പരാതിയിൽ പറയുന്നു.
സാധാരണയായിട്ടുള്ള വാടകയും ഡ്രൈവർ ബാറ്റയും മാത്രമേ വാങ്ങിയിട്ടുള്ളൂവെന്ന് ആംബുലൻസ് ഡ്രൈവറും ഉടമയും പറയുന്നു.