കൊട്ടാരക്കര: ഉറക്കത്തിൽ പാമ്പുകടിയേറ്റു മരിച്ച അഞ്ചു വയസ്സുകാരൻ ശിവജിത്ത് നാടിന്റെ നൊമ്പരമായി മാറി. സുരക്ഷിതത്വമില്ലാത്ത ഒറ്റമുറി വീട്ടിൽ നിന്നും അവൻ പറന്നകന്നത് മരണത്തിലേക്ക്.
അടച്ചുറപ്പുള്ള വീടുണ്ടായിരുന്നുവെങ്കിൽ ആ കുഞ്ഞ് മരിക്കില്ലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പുത്തൂർ മാവടി മണി മന്ദിരത്തിൽ മണിക്കുട്ടൻ – പ്രസന്ന ദമ്പതികളുടെ മകൻ ശിവജിത്തിന് ഇന്നലെ പുലർച്ചെയാണ് ഉറങ്ങിക്കിടക്കുമ്പോൾ പാമ്പുകടിയേറ്റത്.
രാത്രിയിൽ അച്ഛനമ്മമാരോടും അനിയത്തിയോടുമൊപ്പം നിലത്ത് പായ വിരിച്ച് ഉറങ്ങാൻ കിടന്നതാണ്. പലക മറക്കടിയിൽക്കൂടി ഇഴഞ്ഞെത്തിയ പാമ്പു് ശിവജിത്തിനെ കടിക്കുകയായിരുന്നു.
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് കുട്ടി നിലവിളിക്കുമ്പോഴാണ് അച്ഛനമ്മമാർ അറിയൂന്നത്. പാമ്പിനെ അവർ കാണുകയും ചെയ്തു.കുട്ടിയെ രക്ഷപ്പെട്ടുത്താനുള്ള ശ്രമങ്ങൾക്കിടയിൽ അത് പുറത്തേക്ക് ഇഴഞ്ഞു പോയി.
പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും ശിവജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മാവടി തെങ്ങുവിള മുക്കിനു സമീപമാണ് ശിവജിത്തിന്റെ ഒറ്റമുറി വീട്. പലക തറച്ച ചുവരും തകരഷീറ്റുകൊണ്ടുള്ള മേൽക്കൂരയുമാണ് ഈ ഒറ്റമുറി വീടിന്റേത്.
ഊണും ഉറക്കവും പാചകവുമെല്ലാം ഇതിനുള്ളിലാണ്. മണിക്കുട്ടന്റെ അച്ഛന്റെ പേരിലുള്ളതാണ് ഈ വസ്തു. ഇത് എഴുതി നൽകിയിട്ടില്ല. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഈ കുടുംബം ഒരു ഭവന പദ്ധതിയിലും ഉൾപ്പെട്ടിരുന്നില്ല.
കിണറുപണിക്കും തൊടി വാർപ്പിനുമൊക്കെ പോയാണ് മണിക്കുട്ടൻ കുടുംബം പുലർത്തുന്നത്.
മാവടി ഗവ: എൽ.പി.എസ്.ലെ എൽ.കെ.ജി വിദ്യാർത്ഥിയായ ശിവജിത്ത് ദുരിത ജീവിതത്തിലും സഹപാഠികൾക്കും അദ്ധ്യാപകർക്കും പ്രിയങ്കരനായിരുന്നു.
കഴിഞ്ഞ ദിവസവും തങ്ങളോടൊപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ഇനിയില്ല എന്ന സത്യം കുരുന്നുകൾക്ക് താങ്ങാൻ കഴിയുന്നില്ല. അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കിൽ ശിവജിത്തിന് ഈ ഗതി വരില്ലായിരുന്നു എന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്.
ജില്ലാ ആശുപത്രിൽ പോസ്റ്റുമാർട്ടം നടത്തിയ മൃതദേഹം ശിവജിത്ത് പഠിച്ചിരുന്ന മാവടി എൽ.പി.എസ്.ൽ പൊതുദർശനത്തിനു വെച്ച ശേഷംവൈകുന്നേരം അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സമുഹത്തിന്റെ നാനാതുറയിൽപ്പെട്ട നിരവധിയാളുകളാണ് ശിവജിത്തിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷികളാകാനെത്തിയത്.