അന്പലപ്പുഴ: വിദ്യാലയം സർക്കാരിന് വിട്ടുനൽകി നാടിന് വെളിച്ചമേകിയ മുത്തശ്ശി 101 ന്റെ നിറവിൽ. നീർക്കുന്നം മാടവന പരേതനായ വി.പി. വാസുദേവക്കുറുപ്പിന്റെ പത്നി കെ.രാജമ്മയ്ക്കാണ് ഇന്നലെ നൂറു വയസ് തികഞ്ഞത്. കുടുംബ പരമായി ലഭിച്ചതായിരുന്നു നീർക്കുന്നം എസ്ഡിവിയുപിസ്കൂൾ ഏഴു പതിറ്റാണ്ടു മുന്പാണ് സർക്കാരിനു വിട്ടു നൽകിയത്.
ഇപ്പോൾ ജില്ലയിൽ ത്തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അറിവു പകരുന്ന വിദ്യാലയമായി ഇതു മാറി. ഏഴു മക്കളാണ് ഈ മുത്തശിക്കുള്ളത്. ഇതിൽ രണ്ടു മക്കൾ മരിച്ചു.
പത്തു കൊച്ചുമക്കളും ഉണ്ട്. നൂറു വയസ് പിന്നിട്ടെങ്കിലും ഇന്നും ഒരു അസുഖവുമില്ലെന്നും മരുന്നു കഴിക്കുന്നില്ലെന്നും ഏക മകൻ ആർ.സി. കുറുപ്പ് പറയുന്നു.രണ്ട് വർഷം മുന്പു വരെ സ്വയം പത്രം വായിക്കുമായിരുന്നു.
ഇപ്പോൾ കണ്ണിന് അൽപ്പം കാഴ്ചക്കുറവ് ഉള്ളതിനാൽ വായനയില്ല. ഇതൊഴിച്ചാൽ മറ്റൊരു അസുഖവും ഇല്ല. നൂറാം പിറന്നാൾ ദിനത്തിലും മക്കൾക്കും ചെറുമക്കൾക്കുമൊപ്പം പായസം കുടിച്ച് പിറന്നാൾ ആഘോഷിച്ച ഈ മുതുമുത്തശ്ശി നാടിന്റെ അഭിമാനമായി മാറുകയാണ്.