നിയാസ് മുസ്തഫ
കർണാടകയിൽ ബിജെപി പയറ്റി വിജയിച്ച ‘ഒാപ്പറേഷൻ താമര’യുടെ ചൂടറിഞ്ഞ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ വിയർക്കുന്നു.
15മാസം പ്രായമുള്ള കമൽനാഥ് സർക്കാരിനെതിരേ അട്ടിമറി നീക്കം സജീവമാക്കിയ ബിജെപി എട്ട് എംഎൽഎമാരെ ഭരണപക്ഷത്തുനിന്ന് അടർത്തിമാറ്റി വീറു കാട്ടുന്പോൾ, ബിജെപിയുടെ നീക്കത്തിനു തിരിച്ചടി നൽകാനുള്ള തന്ത്രമൊരുക്കുകയാണ് കോൺഗ്രസ് പാളയം.
എട്ട് എംഎൽഎമാരെ ഹരിയാനയിലെ ഗുഡ്ഗാവിലെ പഞ്ചനക്ഷത്ര റിസോർട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ നാലുപേർ കോൺഗ്രസിൽനിന്നുള്ള എംഎൽഎമാരാണെന്നതാണ് കമൽനാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ബാക്കിയുള്ള നാലുപേർ സ്വതന്ത്രരാണ്. ഇവർ കമൽനാഥിനെ പിന്തുണച്ചുവരികയായിരുന്നു.
കർണാടകയിൽ റിസോർട്ട് രാഷ്ട്രീയം പയറ്റിത്തെളിയിച്ച ബിജെപിയുടെ പിടിയിൽനിന്ന് തങ്ങളുടെ എംഎൽഎമാരെ രക്ഷിച്ചെടുക്കാൻ കൊണ്ടുപിടിച്ചു ശ്രമം നടത്തുന്ന കോൺഗ്രസിന്റെ അടവുകൾ വിജയത്തിലെത്തിയില്ലെങ്കിൽ കർണാടകയുടെ വഴിയേ മധ്യപ്രദേശിൽ ബിജെപി സർക്കാർ ഉടൻ അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.
ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ നരോട്ടം മിശ്രയാണ് എംഎൽഎമാരെ ഭരണപക്ഷത്തുനിന്ന് അടർത്തി മാറ്റിയത്. നരോട്ടം മിശ്രയുടെ നേതൃത്വത്തിലാണ് എംഎൽഎമാരെ ഗുഡ്ഗാവിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ താമസിപ്പിച്ചിരിക്കുന്നതും.
മുൻ മുഖ്യമന്ത്രിയും ബിജെപി എംഎൽഎയുമായ ശിവരാജ് സിംഗ് ചൗഹാന്റെ അധികാരത്തോടുള്ള കൊതിയാണ് എല്ലാത്തിനും പിന്നിലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തങ്ങളുടെ എംഎൽഎമാരെ ബലമായി റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണവും.
മന്ത്രിമാരായ ജെയ്വര്ദ്ധന് സിംഗും ജീതു പട്വാരിയും എംഎല്‍എമാരെ കാണാന്‍ ശ്രമിച്ചെങ്കിലും റിസോർട്ട് അധികൃതര്‍ അനുവദിച്ചില്ല . ഹരിയാനയിലെ ബിജെപി സര്‍ക്കാരും അവരുടെ പോലീസും നരോട്ടം മിശ്രയും ചേര്‍ന്നാണ് എംഎൽഎമാരെ തടഞ്ഞുവച്ചിരിക്കുന്നത്.
എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഭാനോട്ട് പറയുന്നു. ബലമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും പുറത്തു പോകാന്‍ അനുവാദമില്ലെന്നും മുന്‍ മന്ത്രി ബിസാഹുലാല്‍ സിംഗും എംഎല്‍എമാരില്‍ ഒരാളും തങ്ങളെ അറിയിച്ചതായി മധ്യപ്രദേശ് ധനമന്ത്രി തരുണ്‍ ഭാനോട്ട് പറഞ്ഞു.
എംഎൽഎമാരെ കോൺഗ്രസ് തിരികെ റാഞ്ചാതിരിക്കാൻ ഡൽഹിയിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. കമൽനാഥ് സർക്കാരിന്റെ ഭാഗമായ എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശില്‍ ബിജെപിയുടെ അട്ടിമറി നീക്കം സജീവമായത്.
മധ്യപ്രദേശിൽ 231 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114, ബിജെപിക്ക് 107 അംഗങ്ങളാണുള്ളത്. ബിഎസ്പി -രണ്ട്, എസ്പി-ഒന്ന്, നാലു സ്വതന്ത്രര്‍ എന്നിവര്‍ കോണ്‍ഗ്രസിനെയാണു പിന്തുണച്ചിരുന്നത്.
ബിഎസ്പിയില് നിന്ന് പുറത്താക്കിയ എംഎല്‍എ രമാബായിയെ കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ടില്‍ നിന്ന് തിരികെ കൊണ്ടുവന്നിട്ടുണ്ട്.
25മുതല്‍ 35 കോടിവരെയാണ് കൂറുമാറുന്ന എംഎൽഎമാർക്ക് ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.