കണ്ണൂർ: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. ശ്രീകണ്ഠപുരം എള്ളരിഞ്ഞി പാരാട്ടുക്കുന്നിൽ രജീഷിന്റെ ഭാര്യ പ്രവീണ(30)യാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ബാങ്ക് ജീവനക്കാരിയായ പ്രവീണയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. പരിശോധനകൾക്കുശേഷം ഉടൻതന്നെ പ്രവീണയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു.
11 ഓടെയാണ് തിരുവനന്തപുരം ടെക്നോപാർക്കിലെ 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് ആംബുലൻസ് ആവശ്യപ്പെട്ട് ഡോക്ടറുടെ സന്ദേശമെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലൻസിന് സന്ദേശം കൈമാറി. കൺട്രോൾറൂമിൽനിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻതന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിഷയും പൈലറ്റ് ധനേഷും സ്ഥലത്തെത്തി പ്രവീണയെ ആംബുലൻസിലേക്കു മാറ്റി.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുറുമാത്തൂരിൽവച്ച് 11.20ഓടെ പ്രവീണ കുഞ്ഞിന് ജന്മംനൽകുകയായിരുന്നു. പ്രസവം എടുത്തശേഷം അമ്മയ്ക്കും കുഞ്ഞിനും നിഷ പ്രഥമശുശ്രൂഷ നൽകി.
ഒപ്പമുണ്ടായിരുന്ന പ്രവീണയുടെ സഹോദരൻ ആവശ്യപ്പെട്ടതനുസരിച്ച് ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും ആംബുലൻസ് പൈലറ്റ് ധനേഷ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.