പെരുന്പാവൂർ: കേരളത്തിൽ ഉടനീളം സ്വർണക്കവർച്ച നടത്തിവന്നിരുന്ന സംഘത്തിന്റെ തലവനെ ഒഡീഷയിൽനിന്നു പെരുന്പാവൂർ പോലീസ് പിടികൂടി. ഒഡീഷ ഗൻജാം സ്വദേശി ദാസ് സഹിലിനെ (23) യാണ് അറസ്റ്റുചെയ്തത്.
ഒരുമാസം മുന്പു പെരുന്പാവൂർ സ്റ്റേഷൻ പരിധിയിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ചു രണ്ടിടത്തും കാലടിയിലെ ഒരു ജ്വല്ലറിയിലും മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാളയാർ സ്റ്റേഷൻ പരിധിയിൽ കവർച്ചാസംഘത്തിലെ ഒരാൾ പിടിയിലായിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇവിടെനിന്നു ലഭിച്ച പ്രതികളുടെ വിലാസങ്ങളെ പിന്തുടർന്ന് ഒഡീഷയിലെത്തിയ അന്വേഷണ സംഘം അസ്ക പോലീസിന്റെ സഹായത്തോടെയാണ് മുഖ്യപ്രതിയെ പിടികൂടിയത്.
രാത്രി ജ്വല്ലറി അടച്ചശേഷം കടയിലെ സ്വർണവും പണവും വീടുകളിലേക്കു കൊണ്ടുപോകുന്ന ജ്വല്ലറി ഉടമകളെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് സംഘം കവർച്ച ആസൂത്രണം ചെയ്തിരുന്നത്. മോഷണം നടത്തുന്ന കടയുടെ താഴിൽ രാത്രിയിൽ മെഴുക് പുരട്ടുകയും മാലിന്യങ്ങൾ വിതറുകയും ചെയ്യും.
പിറ്റേദിവസം കട തുറക്കാൻ സ്വർണം സൂക്ഷിച്ച ബാഗുമായി എത്തുന്ന ഉടമ ബാഗ് മാറ്റിവച്ചശേഷം താഴ് തുറക്കാൻ ശ്രമിക്കും. ഇതിനിടെ ഉടമയുടെ ശ്രദ്ധമാറ്റിയശേഷം ബാഗ് തട്ടിയെടുത്തു ബൈക്കിൽ രക്ഷപ്പെടുന്നതാണു സംഘത്തിന്റെ രീതിയെന്നു പോലീസ് പറഞ്ഞു.
ഒഡീഷയിലെ അസ്ക, ദാമോദർപള്ളി, ദരാക്കോട്ടെ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലെ നല്ലൊരു ശതമാനം ചെറുപ്പക്കാരും ഇത്തരം മോഷണം തൊഴിലായി സ്വീകരിച്ചവരാണത്രെ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സഹിലിന്റെ സഹായികളായ സഹോദരൻ രേണു, കൈലാഷ്, സുനിൽ എന്നിവർ കൂടി ഉടൻ പിടിയിലാകുമെന്ന് ആലുവ റൂറൽ എസ്പി കെ. കാർത്തിക് അറിയിച്ചു.