ചാലക്കുടി: മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ ടൗണിൽ നടത്തിയ വാഹനപരിശോധനയിൽ 71 കേസുകളിലായി 1,22,500 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിൽ ഹെൽമറ്റ്, സീറ്റ്ബെൽറ്റ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച 51 പേരെയും സീറ്റ് ബെൽറ്റില്ലാതെ കാർ ഓടിച്ച ഒന്‍പത് പേരെയും ഇൻഷ്വറൻസ്, നന്പർ പ്ലെയിറ്റ്, ലൈസൻസ് ഇല്ലാത്ത രണ്ടുപേരെ വീതം പിടികൂടി. വാഹനം ഓടിക്കുന്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ച രണ്ടു പേരെയും പിടികൂടി പിഴ ഈടാക്കി.
ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചവരെയും പിൻസീറ്റിൽ ഇരുന്ന് സഞ്ചരിച്ചവരെയും വാഹനം തുടർന്ന് ഓടിക്കാൻ അനുവദിച്ചില്ല. ഹെൽമറ്റ് വാങ്ങി ധരിച്ച ശേഷമേ ഓടിക്കാൻ അനുവദിച്ചിരുന്നുള്ളൂ. മറ്റുള്ളവർക്ക് ഓട്ടോറിക്ഷ വിളിച്ച് യാത്ര തുടരാൻ സൗകര്യം ഒരുക്കിക്കൊടുത്തു.
എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവന്റെ നിർദേശമനുസരിച്ചാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത നാല് ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുകയും ഒരു യുവാവ് മരിക്കുകയും ചെയ്തു.
മൂന്നു പേർ ചികിത്സയിലാണ് അടുത്തമാസം മുതൽ ഇ-ചെലാൻ സോഫ്റ്റ് വെയർ ഉപയോഗിച്ചായിരിക്കും വാഹനപരിശോധന നടത്തുക.
ലൈസൻസില്ലാതെ പിടികൂടിയാൽ ഓട്ടോമാറ്റിക് ആയി ലൈസൻസ് റദ്ദ് ആകും. രണ്ട് കിലോമീറ്റർ ദൂരെ നിന്നു വരുന്ന വാഹനങ്ങൾ പരിശോധിക്കാൻ കഴിയുന്ന സംവിധാനമാണ്.
എംവിഐ അബ്ദുൾ ജലീൽ, എഎംവിഐ കെ.ആർ.രഞ്ജൻ, സി.സി. വിനേഷ്, അരുണ്‍ പോൾ, ഡ്രൈവർ തോമസ് എന്നിവരാണ് വാഹനപരിശോധനക്ക് നേതൃത്വം നൽകിയത്.