കണ്ണൂർ: ട്രെയിൻ ഇറങ്ങി സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കൊള്ളയടിച്ച് പണവും മൊബൈൽ ഫോണും കവർന്നു.
രാജസ്ഥാൻ സ്വദേശി യു.പി. സിംഗ് (29) ന്റെ 18,000 രൂപയും 15,000 രൂപ വിലവരുന്ന മൊബൈൽഫോണുമാണ് കവർച്ച ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂരിലെ നിർമാണ തൊഴിലാളിയായ യു.പി. സിംഗ് നാട്ടിൽ പോയി തിരിച്ച് കണ്ണൂരിലെത്തിയതായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി കിഴക്കെ കവാടത്തിലൂടെ പുറത്തേക്ക് വരുന്നതിനിടെ ഇരുട്ടിൽ പതിയിരുന്ന കവർച്ചക്കാർ ചാടിവീണ് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും പാന്റസിന്റെ പോക്കറ്റിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്സും തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യു.പി. സിംഗ് ടൗൺ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുട്ട് പരന്നാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ചക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ക്രിമിനലുകൾ ഉൾപ്പെടെയുള്ളവർ രാത്രികാലങ്ങളിൽ ഇവിടെ തന്പടിക്കുന്നു.
അനാശാസ്യപ്രവർത്തനങ്ങളും വാക്കുതർക്കങ്ങളും നിത്യസംഭവമാണ്. മദ്യപിച്ച് എത്തുന്നവർ ബസ് യാത്രക്കാർക്ക് പോലും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പോലീസ് കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും പരാതിയുണ്ട്.