വടകര: വീട്ടുകാരറിയാതെ ഇറങ്ങി നടന്ന രണ്ടര വയസുകാരനു നാട്ടുകാരും പോലീസും തുണയായി. ആയഞ്ചേരി കണ്ണച്ചാണ്ടി ബഷീര്‍ -ഫസീല ദമ്പതികളുടെ മകനാണ് തിരക്കേറിയ ടൗണില്‍ വഴി തെറ്റി എത്തിയത്.
ആയഞ്ചേരി ബസ് സ്റ്റാന്ഡിനടുത്തുത്തു കുട്ടി കരഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ കുട്ടിയെ പോലീസ് എയിഡ് പോസ്റ്റില്‍ ഏല്പിക്കുകയായിരുന്നു.
സിപിഒമാരായ എന്‍. സതീശനും കെ.അനീഷും കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് നാട്ടുകാരും പോലീസും സമീപത്തെ വീടുകളില്‍ അന്വേഷിച്ച് ചെന്നു.
അപ്പോഴാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാരറിയുന്നത്. ഉടന്‍ ഇവര്‍ ആശുപത്രിയില്‍ എത്തി കുട്ടിയെ ഏറ്റു വാങ്ങി. മാതാവ് വസ്ത്രം അലക്കുന്ന സമയം കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിനടക്കുകയായിരുന്നു.
മുന്നൂറ് മീറ്ററിലധികം നടന്നാണ് കുട്ടി ബസ് സ്റ്റാന്ഡിനടുത്തുള്ളപ്രധാന റോഡിലെത്തിയത്. ഭാഗ്യം കൊണ്ടാണ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത്.