ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇരുന്ന് ബ്രിട്ടീഷുകാരുടെ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി അവരുടെ പോക്കറ്റില്‍ നിന്ന് ലക്ഷങ്ങളും കോടികളും തട്ടിയ വിരുതന്മാര് പിടിയില്‍.
തലസ്ഥാന നഗരത്തിന്റെ അരികിലായി ആരും കാണാതെ ഒരു കോള്സെന്ററിലിരുന്ന് ഈ ഇന്ത്യന്‍ വിരുതന്മാര് ബ്രിട്ടീഷ് പൗരന്മാരുടേതുള്പ്പടെ വിദേശികളുടെ കോടികളാണ് തട്ടിയെടുത്തത്.
സൈബര്‍ ലോകത്തിന്റെയും എന്തിന്, ബിബിസിയുടെ പോലും കണ്ണു തള്ളിക്കുന്ന വിധത്തില്‍ തട്ടിപ്പു നടത്തിയ സംഘത്തെ കഴിഞ്ഞ ദിവസം ഹരിയാന പോലീസ് കൈയോടെ പൊക്കി.
ലണ്ടനില്‍ ഇരുന്ന് ധാര്‍മികതയുടെ പേരില്‍ മാത്രം ഹാക്കിംഗ് നടത്തുന്ന ജിം ബ്രൗണിംഗ് എന്ന ചെറുപ്പക്കാരന്റെ സാങ്കേതിക മികവാണ് ഇവരുടെ തട്ടിപ്പ് ബിബിസിയിലൂടെ പുറംലോകത്ത് എത്തിച്ചത്.
ഡല്‍ഹി സ്വദേശിയായ അമിത് ചൗഹാന് എന്ന യുവാവാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ഇയാളെ പോലീസ് തിരയുകയാണ്. ബിബിസിയുടെ സൗത്ത് ഏഷ്യ ലേഖിക രഞ്ജിനി വൈദ്യനാഥന് ഇതേക്കുറിച്ച് വിളിച്ചു ചോദിച്ചെങ്കിലും തനിക്കെതിരായ ആരോപണങ്ങളെല്ലാം തന്നെ അമിത് ചൗഹാന് നിഷേധിക്കുകയാണ് ചെയ്തത്.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.
ബാങ്കുകള്‍, കമ്പനികള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ പേരില്‍ ആളുകളെ വിളിച്ചു തട്ടിപ്പിലൂടെ പണം നേടിയെടുക്കാന്‍ അമിത് ചൗഹാന് തന്റെ കോള്‍ സെന്റര്‍ ജീവനക്കാരെ പരിശീലിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരു ചെറിയ കോള്‍ സെന്ററില്‍ ഇരുന്നാണ് വിരുതന്മാര് ഇംഗ്ലണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലുള്ളവരുടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്.
യുകെയിലുള്ളവരുടെ കമ്പ്യൂട്ടറുകളില്‍ ഇവര്‍ വൈറസ് കയറ്റിവിടും. എന്നിട്ട് കമ്പ്യൂട്ടര്‍ തകരാറിലായി എന്ന മെസേജ് സ്ക്രീനില്‍ കാണിക്കും.
ഇതിനൊപ്പം മൈക്രോസോഫ്റ്റിനെ വിളിക്കാനുള്ള നമ്പരും പോപ്പ് അപ്പിലൂടെ കാണിക്കും. ഗുരുഗ്രാമിലെ കോള്‍ സെന്ററിന്റെ നമ്പരാണ് മൈക്രോസോഫ്റ്റിന്റേതെന്ന പേരില്‍ നല്‍കുന്നത്.
ഇനിയാണ് യഥാര്‍ഥ തട്ടിപ്പ് നടക്കുന്നത്. തങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നു വൈറസ് നീക്കം ചെയ്തു നന്നാക്കി കിട്ടുന്നതിനാായി ഇവരുടെ ഫോണ്‍ നമ്പറിലേക്ക് വിളിക്കുന്ന വിദേശികളോട് ഗുരുഗ്രാമിലെ കോള്‍ സെന്ററിലിരുന്ന് ഫോണെടുക്കുന്നയാള്‍ താനിപ്പോള്‍ കാലിഫോര്‍ണിയയയിലെ സാന്‍ ഹോസെയിലാണ് ഉള്ളതെന്ന് പറയും.
കമ്പ്യൂട്ടര്‍ നന്നാക്കാന്‍ നൂറു പൗണ്ട് മുതല്‍ 1500 പൗണ്ട് വരെയാണ് ഫീസായി ചോദിക്കുന്നത്. നൂറു മുതല്‍ ഒന്നരലക്ഷം വരെ ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണിത്. കോടിക്കണക്കിന് രൂപയാണ് ഇവര്‍ ഇത്തരത്തില്‍ പ്രതിമാസം സമ്പാദിച്ചിരുന്നത്.
ജിം ബ്രൗണിംഗ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു എത്തിക്കല്‍ ഹാക്കര്‍ ആണ് ഇവരുടെ തട്ടിപ്പ് പൊളിച്ചടുക്കി കൈയില്‍ കൊടുത്തത്. ഗുരുഗ്രാമിലെ കോള്‍ സെന്ററിന്റെ സിസിടിവി ക്യാമറ നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറിയാണ് ജിം ബ്രൗണിംഗ് പണി പറ്റിച്ചത്.
കോള്‍ സെന്ററില്‍ നിന്നു പ്രതിദിനം പുറത്തു പോകുന്ന എഴുപതിനായിരത്തോളം ഫോണ്‍ കോളുകളും ഇവര്‍ റിക്കോര്‍ഡ് ചെയ്തു.
ബ്രിട്ടനിലുള്ളവരെ ഫോണിലൂടെ പറ്റിച്ചിട്ട് കോള്‍ സെന്ററില്‍ ഇരുന്ന് ഇവര്‍ പരിഹസിച്ചു ചിരിക്കുന്നതിന്റെ ഉള്‍പ്പടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ ജിം ബ്രൗണിംഗ് ചോര്‍ത്തിയെടുത്തു.
യുകെയിലുള്ളവരെ അതിവിദ്ഗ്ധമായി പറഞ്ഞു പറ്റിച്ചിട്ട് ഇവര്‍ കോള്‍ സെന്ററില്‍ ഇരുന്ന് കൂട്ടത്തോടെ ചിരിക്കുകയാണ് ചെയ്യുന്നത്.
കമ്പ്യൂട്ടര്‍ ശരിയാക്കാന്‍ 1295 പൗണ്ട് (1,21,500 രൂപ) വേണ്ടി വരും എന്ന് ഒരു ബ്രിട്ടീഷുകാരനോട് പറഞ്ഞപ്പോള്‍ തനിക്കിത് കേട്ടിട്ടു തന്നെ തല കറങ്ങുന്നു എന്നായിരുന്നു അയാളുടെ മറുപടി.
തനിക്ക് ഹൃദയാഘാതം വരുമെന്നു പറഞ്ഞ് അയാള്‍ ഫോണിലൂടെ കരയുകയായിരുന്നു. നിങ്ങള്‍ ഇങ്ങനെ കരയരുത് സാര്‍, നിങ്ങളൊരു മാന്യനാണ് എന്നെനിക്കറിയാം എന്നാണ് ഇന്ത്യയില്‍ നിന്നു വിളിച്ചയാള്‍ മറുപടി നല്‍കുന്നത്.
തട്ടിപ്പിനിരയായ പലരോടും അശ്ലീല വെബ്സൈറ്റുകള്‍ പതിവായി കാണുന്നത് കൊണ്ടാണ് കമ്പ്യൂട്ടറില്‍ വൈറസ് കയറുന്നതെന്ന് പറഞ്ഞാണ് ഇവര്‍ പേടിപ്പിച്ചിരുന്നത്.
ഈ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ജിം ബ്രൗണിംഗ് ബിബിസി പനോരമയില്‍ പങ്ക് വെച്ചതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്.
തട്ടിപ്പിന്റെ പൂര്‍ണ തിരക്കഥയും തെളിവും സഹിതം മനസിലാക്കിയ ശേഷം ജിം ബ്രൗണിംഗ് തന്നെ നേരിട്ട് കോള്‍ സെന്ററിലേക്ക് വിളിച്ചു. കാലിഫോര്‍ണിയയില്‍ ആണെന്ന് പറയുന്ന കോള്‍ സെന്റര്‍ ജീവനക്കാരനോട് സാന്‍ ഹോസെയിലെ ഒരു ഹോട്ടലിന്റെ പേര് പറയാന്‍ ജിം ആവശ്യപ്പെട്ടു.
ഉടന്‍ തന്നെ അയാള്‍ സാന്‍ ഹോസെയിലെ ഹോട്ടലിന്റെ പേരറിയാന്‍ ഗൂഗിളില്‍ തിരഞ്ഞു നോക്കുന്ന ദൃശ്യം കൂടി ജിം ബ്രൗണിംഗ് ചോര്‍ത്തിയെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ ഗുരുഗ്രാമിലെ കോള്‍ സെന്റര്‍ ജീവനക്കാരന് ഫോണ്‍ കട്ട് ചെയ്ത് രക്ഷപെടുകയും ചെയ്തു.
തന്റെ നാട്ടിലെ സാധാരണക്കാരെ ഇന്ത്യയില്‍ ഇരുന്ന് കുറച്ച് പേര് പറ്റിക്കുന്നത് പൊളിച്ചടുക്കി നിയമത്തിന്റെ മുന്നില്‍ എത്തിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് ജിം പറഞ്ഞത്.
തട്ടിപ്പു നടത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നു മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ജിം ബിബിസിയോട് പറഞ്ഞു.
സെബി മാത്യു