തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ മണിക്കൂറുകളോളം നിശ്ചലമായ നഗരത്തിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ഹൃദ്രോഗിയായ അറുപത്തിനാലുകാരൻ കുഴഞ്ഞു വീണു മരിച്ചു.
കാച്ചാണി ഇറയംകോട് മൈലം എൽപി സ്കൂളിനു സമീപം ബോക്സ് നിവാസിൽ ടി. സുരേന്ദ്രൻ(64) ആണ് മരിച്ചത്.
ജനറൽ ആശുപത്രിക്കു സമീപമുള്ള കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നുകൾ വാങ്ങുന്നതിനായാണ് സുരേന്ദ്രൻ ഇന്നലെ രാവിലെ കാച്ചാണിയിൽനിന്നു നഗരത്തിലെത്തിയത്.
12.30 ഓടെ കിഴക്കേക്കോട്ടയിൽ എത്തിയപ്പോഴേക്കും കഐസ്ആർടിസി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു.
എല്ലാ വഴികളും അടഞ്ഞ് നിശ്ചലമായ നഗരത്തിൽ കുടുങ്ങിപ്പോയ സുരേന്ദ്രനു ജനറൽ ആശുപത്രിയിലേക്കു പോകാൻ മറ്റു മാർഗങ്ങളില്ലായിരുന്നു. തുടർന്ന് ബസിന്റെ വരവും കാത്തു മണിക്കൂറുകളോളം കിഴക്കേക്കോട്ടയിലെ ബസ് സ്റ്റാൻഡിൽ കാത്തിരുന്നു.
നഗരമാകെ സമരകോലാഹലങ്ങളും സംഘർഷങ്ങളും തുടരുന്നതിനിടയിൽ ഉച്ചയ്ക്ക് മൂന്നോടെ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സുരേന്ദ്രൻ നെഞ്ചിൽ കൈയമർത്തിക്കൊണ്ട് ആൾക്കൂട്ടത്തിനിടയിലേക്കു കുഴഞ്ഞു വീണു.
വേദനകൊണ്ടു പുളഞ്ഞ സുരേന്ദ്രനു മറ്റു യാത്രക്കാരും പോലീസും ചേർന്നു പ്രാഥമിക ശുശ്രൂഷ നൽകി. സഹയാത്രക്കാർ 108 ആംബുലൻസിന്റെ സഹായം തേടി വിളിച്ചു. പക്ഷേ, ആംബുലൻസിനു പോലും എത്തിച്ചേരാനാകാത്ത വിധം അടച്ചു പൂട്ടപ്പെട്ടിരുന്നു തലസ്ഥാന നഗരത്തിലെ വഴികളെല്ലാം.
നെഞ്ച് തടവിക്കൊടുത്തും ആശ്വസിപ്പിച്ചുകൊണ്ടുമിരുന്ന സഹയാത്രികരുടെ കൈകളിൽ മുറുകെപ്പിടിച്ച് ആംബുലൻസിന്റെ വരവിനായി സുരേന്ദ്രൻ കാത്തു കിടന്നു. അര മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ പോലീസ് ആംബുലൻസിലാണു സുരേന്ദ്രനെ ജനറൽ ആശുപത്രിയിലെത്തിച്ചത്.
പക്ഷേ, ആശുപത്രിയിലെത്തിച്ചേരും മുൻപേ മരണം സംഭവിച്ചുകഴിഞ്ഞെന്നും നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.
ഫോർട്ട് സ്റ്റേഷനിൽനിന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കും.
കുമാരപുരം ചെന്നിലോട് വാറുവിളാകത്ത് വീട്ടിൽ തോംസന്റെ മകനാണ് സുരേന്ദ്രൻ. ട്രെക്ക് ഡ്രൈവറായിരുന്ന സുരേന്ദ്രൻ ഹൃദ്രോഗിയായതിനെത്തുടർന്നാണ് ജോലിക്കു പോകാതായത്.
തുടർന്ന് കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഭാര്യ പ്രമീളയ്ക്കൊപ്പം കാച്ചാണിയിലുള്ള സഹോദരിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ പ്രമീള ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രമീളയും ഇന്നലെ രാവിലെ സുരേന്ദ്രനൊപ്പം തിരുവനന്തപുരം നഗരത്തിലേക്കു വന്നിരുന്നു. മക്കൾ നിസിമോൾ, സിനിമോൾ. മരുമക്കൾ: സുജിത്ത്, വിനോദ്.