
തനിക്ക് പറയാനുളളത് ആർക്കു മുന്നിലും തുറന്നു പറയാൻ യാതൊരുവിധ മടിയുമില്ലാത്ത താരമാണ് നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ.
കോളിവുഡിൽ ചുരുക്കം ചില നടിമാർ മാത്രമേ കണ്മുന്നിൽ കാണുന്ന അനാചാരങ്ങൾക്ക് എതിരെ പ്രതികരിക്കുകയുളളൂ. താരപുത്രിയായി കോളിവുഡിൽ എത്തുകയും പിന്നീട് തന്റെ പേരിൽ തന്നെ സിനിമയിൽ ഇടം സൃഷ്ടിക്കാനും വരലക്ഷ്മിക്ക് കഴിഞ്ഞിരുന്നു.
താരപുത്രിയായിട്ടു പോലും സിനിമയിൽ നിന്ന് മോശമായ അനുഭവം നേരിട്ടിട്ടുണ്ടെന്ന് വരലക്ഷ്മി വ്യക്തമാക്കുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്ത്രീകൾ വേട്ടക്കാരെ തുറന്നു കാട്ടണമെന്നാണ് താരം പറയുന്നത്. അത്തരത്തിലുള്ള തുറന്നുപറച്ചിലുകൾ സിനിമയിലുള്ള അവസരങ്ങൾ നഷ്ടപ്പെടില്ലേ എന്ന് ചോദിച്ചപ്പോൾ അതൊരു തെരഞ്ഞെടുപ്പാണെന്നുളള മറുപടിയാണ് താരം നൽകിയത്.
സമാനമായ സാഹചര്യത്തിലൂടെ താനും കടന്നു പോയിരുന്നു. അത് എല്ലാവർക്ക് മുന്നിലും തുറന്നുകാട്ടി. ഈ പ്രശ്നങ്ങൾ തന്നെയാണ് ഞാനും നേരിട്ടത്. ഇതോട് കൂടി നോ പറയാൻ പഠിച്ചു.
അത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ ആവശ്യമില്ലെന്ന് അപ്പോൾ തന്നെ തീരുമാനിക്കുകയായിരുന്നെന്ന് വരലക്ഷ്മി പറഞ്ഞു. വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് പറയുന്ന ഫോണ് റെക്കോഡുകൾ തന്റെ കൈകളിൽ ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.
കാസ്റ്റിംഗ് കൗച്ചിനോട് നോ പറഞ്ഞതിൽ പലരും എന്നെ വിലക്കിയിരുന്നു. പക്ഷെ ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. പിന്നീട് 25 ചിത്രങ്ങൾ ചെയ്തു.
അതും മികച്ച ടീമിനൊപ്പം. ഇപ്പോഴും എന്റെ ജോലി തുടരുകയാണ്. എന്റെ 29-ാം ചിത്രത്തിന്റെ കരാറിൽ ഞാൻ ഒപ്പിട്ടു. അതിൽ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേർത്തു.
ചിലർ ആദ്യം കാസ്റ്റിംഗ് കൗച്ചിനോട് യെസ് പറയുകയും പിന്നീട് അവസരം ലഭിക്കാതെയാകുന്പോൾ പരാതിപ്പെടുന്നത് നല്ല രീതിയായി തോന്നുന്നില്ലെന്നും വരലക്ഷ്മി ചൂണ്ടിക്കാട്ടി.
നിങ്ങളെ ഇത്തരം കാര്യങ്ങൾക്കായി സമീപിക്കുകയാണെങ്കിൽ, വേണ്ട എന്ന് പറയുക. വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സ്ത്രീകളാണ്.
ഞാൻ ഇവിടെ ആരെയും മുൻവിധികളോടെ സമീപിക്കാറില്ല കാരണം ആ തീരുമാനത്തിന് വളരെയധികം ധൈര്യം ആവശ്യമാണ്. അത്തരം ഓഫറുകൾ നിരസിച്ച് എന്നെപോലെ പൊരുതി നല്ലൊരു നടിയാകാൻ സാധിക്കുമെന്നും വരലക്ഷ്മി പറഞ്ഞു.