പത്തനംതിട്ട: ജില്ലയില്‍ വേനല്‍ കടുത്തതോടെ പകർച്ചവ്യാധി ഭീഷണിയും. അന്തരീക്ഷ താപനില വർധിച്ചുവരുന്നതോടെ പല രോഗങ്ങളും പടർന്നു പിടിക്കാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തി.
ശുദ്ധജലക്ഷാമം മൂലം ഉണ്ടാകാവുന്ന ആരോഗ്യവിഷയങ്ങളാണ് പ്രധാനമായും ഉണ്ടാകാനിടയുള്ളത്. കുടിവെള്ളക്ഷാമം രൂക്ഷമായ പല പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണമേൻമ പരിശോധനയില്ല.
തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലുള്ള ജലവിതരണ പദ്ധതികൾക്കേറെയും ശുദ്ധീകരണ പ്ലാന്റുകൾ ഇല്ല. ഇതോടൊപ്പം റോഡരികിൽ പൊട്ടിമുളച്ചിട്ടുള്ള ശീതളപാനീയ വില്പനശാലകളിലെ ശുചിത്വവും വില്പന നടത്തുന്ന വെള്ളത്തിന്റെ ഗുണമേൻമയും പരിശോധിക്കപ്പെടാറില്ല. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയാണ് വർധിച്ചിരിക്കുന്നത്.
വേനൽക്കാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ അധ്യക്ഷതയിൽ ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം ചേർന്നു. ജലജന്യ രോഗങ്ങള്‍ പകരാതിരിക്കാന്‍ ജല അഥോറിറ്റിയുടെ നേതൃത്വത്തില്‍ ഡൈക്ലോറിനൈസേഷന് നടത്തുകയും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കളക്ടർ നിർദേശിച്ചു.
ഗ്രാമ പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പഞ്ചായത്തുകളിലെ വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റികള്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. ശീതള പാനീയ കടകള്‍, ഐസ് ഫാക്ടറി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തണം.
എലിപ്പനി പ്രതിരോധിക്കാന്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് പുറമെ കര്‍ഷകരും വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സി.ജി ശ്രീരാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.