ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിലെ സീനിയർ ക്ലാർക്ക് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം.
ഈരാറ്റുപേട്ട തിടനാട് വെള്ളക്കൽ ഗിരീഷിന്റെ ഭാര്യയും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഓഫീസിലെ ജീവനക്കാരിയുമായ സുധാമണി (43)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം.
സർക്കാർ സ്കൂൾ ജീവനക്കാരനായ ഗിരിഷ് അമിതമായി മദ്യപിക്കുകയും, ഭാര്യയെ സംശയിക്കുകയും ചെയ്യുമായിരുന്നുവെന്ന് പറയുന്നു. ഇതിൽ മനംനൊന്തു കഴിയുകയായിരുന്നു സുധാമണിയെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സുധാമണി ഡ്യൂട്ടിക്ക് ധരിച്ച വസ്ത്രം തന്നെയാണ് ആത്മഹത്യ ചെയ്യുന്പോഴും ധരിച്ചിരുന്നത്. സംഭവമറിഞ്ഞ് തിടനാട് എസ്ഐ, എം.എസ്. രാജേഷ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനുശേഷം വീട്ടിലേക്കു കൊണ്ടു പോകും. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും തിടനാട് പോലീസ് രാഷ്്ട്രദീപികയോടു പറഞ്ഞു.