കൊച്ചി: മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിട, യുവ നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നിർമാതാക്കൾ അവസാനിപ്പിച്ചതോടെ മുടങ്ങിക്കിടന്ന സിനിമകളുടെ ഷൂട്ടിംഗ് പുനരാരംഭിക്കും.
വെയില്, കുര്‍ബാനി സിനിമകളുടെ ഷൂട്ടിംഗാണ് പുനരാരംഭിക്കുന്നത്. ആദ്യം വെയില് സിനിമയായിരിക്കും ഷെയ്ന് പൂര്‍ത്തിയാക്കുക. രണ്ടാമതാകും കുര്‍ബാനി പൂര്‍ത്തീകരിക്കുക. ഈ മാസം 31ന് കുര്‍ബാനി സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കും.
നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞ നവംബര്‍ മാസം മുതല്‍ ആരംഭിച്ച വിലക്കാണ് മൂന്ന് മാസത്തിനുശേഷം നീക്കിയത്. നിര്‍മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും ഷെയ്ന് നിഗവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണു പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്.
ഏപ്രില്‍ 15 മുതല്‍ ഷെയ്ന് നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാനുമാകും. ഇരു സിനിമകളിലും ഷെയ്ന് കൊടുക്കാനുള്ള പ്രതിഫലത്തില്‍ 16 ലക്ഷം വീതം ഒഴിവാക്കിയുള്ള പ്രശ്നപരിഹാര ഫോര്‍മുലയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗീകരിച്ചത്.
ഷൂട്ടിംഗ് മുടങ്ങിയതിനെ തുടര്‍ന്നു നിര്മാതാക്കള്ക്കുണ്ടായ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനാണിത്. വെയില് സിനിമയ്ക്ക് 40 ലക്ഷം രൂപയാണ് ഷെയ്നുമായി കരാറുണ്ടാക്കിയത്. ഇതില്‍ 24 ലക്ഷം നല്‍കിയിട്ടുണ്ട്.
ശേഷിക്കുന്ന 16 ലക്ഷം ഒഴിവാക്കാമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ യോഗത്തില്‍ ഷെയ്ന് സമ്മതിച്ചത്. കുര്‍ബാനിയില്‍ അഭിനയിക്കുന്നതിനായി കരാർ ചെയ്ത 45 ലക്ഷത്തില്‍ 15 ലക്ഷം ഇതിനോടകം ഷെയ്ന് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന 30 ലക്ഷത്തില്‍ 16 ലക്ഷം ഒഴിവാക്കിയുള്ള തുക മാത്രം ഷൂട്ടിംഗ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഷെയ്ന് നല്‍കും.
വിഷയത്തില്‍ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആദ്യം മുതല്ക്കേ സ്വീകരിച്ചത്. വിലക്ക് നീക്കുന്നത് സംബന്ധിച്ച് ഇതിനിടെ വിവിധ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇരു സിനിമകളുടെയും കാര്യത്തില്‍ തീരുമാനമായശേഷം വിലക്ക് നീക്കാമെന്ന നിലപാടിലായിരുന്നു സംഘടന.