നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കള്ളക്കടത്ത് തുടർകഥയാകുന്നു.
വിമാനത്താവളത്തിലെ പരിശോധനകൾ കൂടുതലും കൊറോണ വൈറസിൽ കേന്ദ്രീകരിച്ചതുകൊണ്ടുള്ള അവസരങ്ങൾ മുതലെടുക്കുവാൻ സ്വർണക്കടത്ത് സംഘം ശ്രമിക്കുന്നുണ്ടന്ന നിഗമനത്തിലാണ് അധികൃതർ.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 3.77 കോടി രൂപവരുന്ന 8.74 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.
കേരളത്തിലേയ്ക്കുള്ള സ്വർണക്കടത്ത് ഗൾഫിൽനിന്ന് മാത്രമാണന്ന മുൻ ധാരണകൾ തിരുത്തുന്ന വിധത്തിലാണ് ഇപ്പോഴത്തെ അവസ്ഥ. ചൊവ്വ, ബഡ്രൻ ദിവസങ്ങളിലിൽ ബാങ്കോംഗ്, ഇറ്റലി, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വന്നവരാണ് സ്വർണം അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്.
സ്വർണം അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ആറ് പേരിൽ രണ്ട് പേർ സ്ത്രീകളാണന്ന പ്രത്യേകതയുമുണ്ട്. ഗൾഫിൽനിന്നു കൊച്ചിയിൽവന്ന് ആഭ്യന്തര സർവീസായി ചെന്നൈയിലേക്ക് പോകുന്ന സ്പൈസ്ജെറ്റ് വിമാനത്തിന്റെ ടോയ്ലെറ്റിൽനിന്നു കണ്ടെത്തിയ 1050 ഗ്രാം സ്വർണം കൊണ്ടുവന്ന യാത്രക്കാരന്നെ പിടികൂടുവാൻ കഴിഞ്ഞിട്ടില്ല.
വിമാനതാവളത്തിലെ സുരക്ഷാ പരിശോധനയുടെ ചുമതലയുള്ള സി ഐഎസ്എഫ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ബുധനാഴ്ച്ച രണ്ട് പേരിൽ നിന്നായി 146 ലക്ഷം രൂപവരുന്ന 3.39 കിലോഗ്രാം സ്വർണം പിടിച്ചത്.
ചൊവ്വാഴ്ച്ച 5.35 കിലോഗ്രാം സ്വർണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇവർ വിമാനത്താവളത്തിൽ എത്തി മൂന്ന് വിമാനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം പിടിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയത് സ്വർണ ചങ്ങലകളും സ്വർണ മിശ്രിതങ്ങളും ഉരുക്കിയുണ്ടാക്കിയ സ്വർണക്കട്ടകളുമാണന്ന സവിശേഷതയുമുണ്ട്.