പട്ടാന്പി: തൃത്താല ഞാങ്ങാട്ടിരിയിൽ പ്രവർത്തിക്കുന്ന സ്നേഹനിലയം ട്രസ്റ്റിന് പ്രവർത്തന അംഗീകാരം ഇല്ലന്ന് കണ്ടെത്തൽ. ഷെൽട്ടർ ഹോമിലെ അന്തേവാസി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകൾ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയത്.
ഇന്നലെയാണ് ആരോഗ്യവകുപ്പ് അധികൃതർ ട്രസ്റ്റിൽ പരിശോധനക്കായി എത്തിയത്. അനാഥാലയം നടത്താനുള്ള ട്രസ്റ്റ് ലൈസൻസ് മാത്രമാണ് നിലവിൽ ഉള്ളത് എന്നും കണ്ടെത്തി. മറ്റ് രേഖകൾക്കായുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ട്രസ്റ്റിന്റെ വാദം.
മാനസിക രോഗികളെ പാർപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുമുള്ള അംഗീകാരം സ്നേഹനിലയത്തിന് ലഭിച്ചിട്ടില്ല. ഏഴുസ്ത്രീകളും 93 മാനസിക രോഗികളുമടക്കം 106 പേരാണ് സ്ഥാപനത്തിൽ ഉള്ളത്.
ഇവർക്ക് ആവശ്യമായ ചികിത്സ നല്കുന്നുണ്ടോ എന്നുള്ള ഉറപ്പുകളൊന്നും ഇല്ല. നിലവിൽ പരിശോധന റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ച ശേഷമാകും നടപടികൾ ഉണ്ടാകുകയെന്ന് തൃത്താല പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ. ബിബിൻ കിഷോർ പറഞ്ഞു.
അതേസമയെ അന്തേവാസി മർദനമേറ്റ് മരിച്ച സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിൽ ഒരാളായ പെരിന്തൽമണ്ണ അമ്മിനിക്കാട് വലിയാക്കത്തൊടി വീട്ടിൽ മുഹമ്മദ് നബീൽ (കുഞ്ഞിത്തങ്ങൾ-29) പോലീസിൽ കീഴടങ്ങി.
മരണപ്പെട്ട തൃശൂർ വലപ്പാട് സ്വദേശി അന്പലത്ത് വീട്ടിൽ സിദ്ധിഖ് (47) കുഞ്ഞിത്തങ്ങൾ തന്നെ മർദിച്ചതായി ബന്ധുക്കളോട് പറഞ്ഞിരുന്നു. തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതേതുടർന്നാണ് ഇയാൾ കീഴടങ്ങിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.