തളിപ്പറമ്പ്: ആശാന് അടുപ്പിലും ആവാം എന്ന പഴമൊഴി വീണ്ടും ആവര്‍ത്തിക്കുകയാണ് തളിപ്പറമ്പ് ട്രാഫിക് പോലീസ്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കൂറിലേറെ നേരം ശ്രീകണ്ഠാപുരം ഭാഗത്തേക്ക് രണ്ട് ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് ലോട്ടറി തൊഴിലാളികളുടെ വാഹനജാഥക്കാര് കൈയേറിയത്.
രണ്ട് മാസം മുമ്പ് ടൗണ്‍സ്ക്വയറിന്റെ ബസ് സ്റ്റാൻഡിന്റെ മുഖമായി നില്ക്കുന്ന ഭാഗത്ത് രോഗിയായ ഒരാളുടെ ആവശ്യത്തിന് പണം സമാഹരിക്കാന്‍ പ്രമുഖ ഗായിക പ്രിയ അച്ചു എത്തിയപ്പോള്‍ ഗാനമേള തടഞ്ഞ അതേ പോലീസാണ് രണ്ടു മണിക്കൂറോളം വാഹന ജാഥയുടെ വാഹനങ്ങൾ ഇവിടെ നിർത്തിയിടാൻ അനുമതി നൽകിയത്.
ഇതേപ്പറ്റി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയപ്പോള്‍ സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു മറുപടി.
പൊതുവെ സൗകര്യം കുറഞ്ഞ തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാൻഡിൽ ഇരുചക്രവാഹനത്തിനു പോലും പകൽ സമയത്ത് നിരോധനമേർപ്പെടുത്തിയ പോലീസ് തന്നെയാണ് വാഹന പ്രചാരണ ജാഥാ വാഹനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നതും.