പാലാ: കലുങ്കിനു താഴെ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലാ-തൊടുപുഴ റൂട്ടിൽ ടൗണിൽനിന്ന് ഇരുനൂറു മീറ്ററോളം അകലെ കാർമൽ ജംഗ്ഷനു സമീപമുള്ള കലുങ്കിനു താഴെയാണ് ഇന്നലെ രാവിലെ ഉദ്ദേശം എഴുപത്തിയഞ്ച് വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
നൈറ്റിയാണ് വേഷം. ആഭരണം ധരിച്ചിട്ടില്ല. റോഡിൽനിന്ന് എട്ടടിയോളം താഴ്ചയിലാണു മൃതദേഹം കണ്ടെത്തിയത്. വഴിയാത്രക്കാരാണ് രാവിലെ എട്ടോടെ മൃതദേഹം കണ്ടത്. തുടർന്നു പോലീസിൽ വിവരമറിയിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ടൗണിലെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി കാമറകൾ പരിശോധിച്ചുവരികയാണ്. വാഹനത്തിൽ എത്തിച്ചു മൃതദേഹം തള്ളിയതാണോയെന്നു സംശയിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രധാന സംശയവും ഇതു തന്നെയാണ്.
സമീപ ദിവസങ്ങളിൽ പ്രായമായ സ്ത്രീകളെ കാണാതായ കേസുകളുണ്ടോയെന്നും അന്വേഷിക്കുന്നു. മൃതദേഹത്തിന്റെ പഴക്കവും മറ്റു കാര്യങ്ങളും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്കു ശേഷമേ പറയാൻ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം തിരിച്ചറിയാത്തതിനാൽ രണ്ടു ദിവസം മോർച്ചറിയിൽ സൂക്ഷിക്കുമെന്നും അതിനു ശേഷമേ പോസ്റ്റുമോർട്ടം നടത്തുകയുള്ളൂവെന്നും പാലാ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് പറഞ്ഞു. ബന്ധുക്കൾക്ക് ആളെ തിരിച്ചറിയാനുള്ള എളുപ്പത്തിനാണിത്.
മൃതദേഹത്തിന്റെ മുഖത്തു രക്തം പടർന്നിട്ടുണ്ട്. ഇത് ഉറുന്പുകൾ കടിച്ചതു മൂലമാകാമെന്നും മറ്റു പരിക്കുകളൊന്നും പുറമേ കാണാനില്ലെന്നും ഇൻക്വസ്റ്റ് തയാറാക്കിയ പോലീസ് പറഞ്ഞു.
സിസിടിവി കാമറകൾ പരിശോധിക്കുന്നു
വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്പേഷണം ഊർജിതമാക്കി പോലീസ്. ടൗണിലെയും സമീപപ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്.
പാലാ ടൗണിലെ കിഴതടിയൂർ ജംഗ്ഷനിൽനിന്നു അരകിലോമീറ്റർ ദൂരം പോലും സംഭവസ്ഥലത്തേക്കില്ല. പരിസരപ്രദേശത്തുനിന്ന് ആരെയും കാണാതായതായി പരാതിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഓർമക്കുറവ് രോഗമുള്ളവർ വീട്ടിൽനിന്ന് ഇറങ്ങി തനിയെ നടന്ന് അപകടത്തിൽപ്പെട്ടതാകാൻ സാധ്യതയുണ്ടെങ്കിലും ഇതു സംബന്ധിച്ചു പരാതികളൊന്നും പോലീസിലില്ല.
മൃതദേഹം ദൂരസ്ഥലത്തുനിന്നു വാഹനത്തിൽ എത്തിച്ചു തള്ളിയതാകാമെന്ന സംശയത്തിലാണ് നാട്ടുകാർ. ഇവിടെ മൃതദേഹം തള്ളണമെങ്കിൽ അതു രാത്രി ഒന്നിനു ശേഷമായിരിക്കുമെന്നാണ് അനുമാനം.
നിരന്തരം വാഹനങ്ങൾ പോകുന്ന റോഡാണ് പാലാ- തൊടുപുഴ റോഡ്. കൂടാതെ രണ്ടു തട്ടു കടകൾ നോക്കെത്തുംദൂരത്ത് രാത്രി 12.30 വരെ പ്രവർത്തിക്കുന്നുമുണ്ട്.
മൃതദേഹത്തിൽ നേരിയ ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഒരു ദിവസത്തിലേറെ പഴക്കമുള്ളതായി ഇതിനാൽത്തന്നെ സംശയം ഉയർന്നിട്ടുണ്ട്.
വേറെ എവിടെയെങ്കിലും കിടന്നു മരിച്ചതിനു ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
മൃതദേഹം കാണപ്പെട്ട സ്ഥലത്തോടു ചേർന്നു മൂന്ന് ഏക്കറോളം ചതുപ്പ് നിറഞ്ഞതാണ്. വൈകുന്നേരം സ്ഥലത്തെത്തിയ പോലീസ് നായ ഇതിനു സമീപം ഇടറോഡിലൂടെ നൂറു മീറ്ററോളം ഓടി തിരികെ വന്നു.