നെടുമങ്ങാട്: അരുവിക്കര ഡാമിന് സമീപം വീട് വാടകയ്ക്ക് എടുത്ത് എസ്എടി ആശുപത്രിയിലെ ഡോക്ടർ എന്ന വ്യാജേന നാട്ടുകാരെ കമ്പളിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നാവായിക്കുളം കുന്നുവിള പുത്തൻവീട്ടിൽ രാജേഷിനെയാണ് (35) അരുവിക്കര സിഐ ഷിബുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കളത്തറയ്ക്ക് സമീപമായിരുന്നു ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്.
എസ്ഐടി ആശുപത്രിയിലെ സർജറി വിഭാഗം യൂണിറ്റ് രണ്ട് പീടിയാട്രിക് ആൻഡ് കാർഡിയോളജി വിഭാഗം എന്ന വ്യാജമായി നിർമിച്ച സീലും മറ്റു സാധനങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തെന്ന് പോലീസ് പറഞ്ഞു.
ആറ് വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നതായും ഇപ്പോൾ എസ്എടിയിലെ സർജറി വിഭാഗത്തിലുമാണ് ജോലിയെന്നാണ് ഇയാൾ പറഞ്ഞിരിക്കുന്നത്.
ഇന്നലെ കോടതിയിൽ ഹാജരാക്കാൻ പുറത്തേയ്ക്ക് കൊണ്ടുവന്നപ്പോൾ നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാണയത്തുട്ട് പുറത്തെടുത്തു.
മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളെ റിമാൻഡ് ചെയ്ത് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പാർപ്പിച്ചിരിക്കുകയാണ്.