ഏറ്റുമാനൂർ : മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് നീണ്ടൂരിൽ യുവാവ് തോക്ക് ഉപയോഗിച്ച് വെടിവച്ചു എന്ന വ്യജ പ്രചാരണം പോലീസിനെ വട്ടം ചുറ്റിച്ചു. ഇന്നലെ രാത്രി 11.30ന് നീണ്ടൂരിലെ സ്വകാര്യ ബാറിലാണ് സംഭവം.
സംഭവത്തിൽ തോക്ക് എടുക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വ്യാജ പ്രചാരണം നടത്തിയവർക്കെതിരേ കേസെടുക്കുകയും ചെയ്തു.
പകൽ മുഴുവൻ നീണ്ടൂർ പരിസരങ്ങളിലൂടെ കറങ്ങി നടന്ന യുവാവ് നാട്ടുകാരിൽ നിന്നും പിരിവ് എടുത്തു. പിന്നീട് ഇയാൾ ഈ പണം കൊണ്ട് ബാറിൽ കയറി മദ്യപിച്ചു.
തുടർന്ന് പുറത്തിറങ്ങിയ ഇയാൾ മദ്യലഹരിയിൽ നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും എന്റെ കൈയിൽ തോക്ക് ഉണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നാട്ടുകാർ ഇയാളെ തടഞ്ഞു വച്ച് ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു.
പിന്നീട് ഇയാൾ ബാറിൽ വെടിവച്ചു എന്ന വാർത്ത പ്രചരിക്കുകയും ചെയ്തു. ഇതോടെ കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ അടക്കം വൻ പോലീസ് സംഘം സ്ഥലത്ത് എത്തി.
കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് വ്യജ പ്രചാരണമാണെന്നു മനസിലായത്. തോക്ക് ചൂണ്ടിയതായി വ്യാജപ്രചാരണം നടത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് ഗാന്ധിനഗർ പോലീസ് അറിയിച്ചു.