
റാന്നി: താലൂക്കിന്റെ അഭിമാനമായിരുന്ന പെരുന്തേനരുവി വരണ്ടു. അരുവിക്കു താഴെ വെച്ചൂച്ചിറ ജലവിതരണ പദ്ധതിക്കുവേണ്ടി സ്ഥാപിച്ചിരുന്ന കിണറ്റിലും വെള്ളമില്ല. അരുവിയുടെ മുകളിലായുള്ള എരുമേലി പദ്ധതിയുടെ കിണറ്റിൽ നിന്നു യഥേഷ്ടം പന്പിംഗ് നടക്കുന്നു.
വെച്ചൂച്ചിറയിലെ കുടിനീർക്ഷാമത്തിനു പരിഹാരമായി എരുമേലി പദ്ധതിയെ വെച്ചൂച്ചിറയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തിനു നേരെ അധികൃതർ കണ്ണടച്ചതോടെ വറുതിയിലായത് പ്രദേശവാസികളാണ്.
പെരുന്തേനരുവിൽ ജലവൈദ്യുതി പദ്ധതിക്കായി സംഭരണി കൂടി വന്നതോടെയാണ് ജലക്ഷാമം രൂക്ഷമായത്. അരുവിക്കു മുകളിലായി സ്ഥാപിച്ച തടയണയോടു ചേർന്നാണ് എരുമേലി പദ്ധതിയുടെ കിണർ.
അരുവിയുടെ താഴെയായിട്ടാണ് വെച്ചൂച്ചിറ പദ്ധതിയുടെ കിണർ.
തടയണ വന്നതോടെ അരുവിയിലേക്കു വെള്ളമില്ലാതായി. മനോഹരമായ വെള്ളച്ചാട്ടം പെരുന്തേനരുവിക്കു നഷ്ടമായെന്നു മാത്രമല്ല, വെച്ചൂച്ചിറ കുടിവെള്ള പദ്ധതിക്കും വെള്ളമില്ലാത്ത അവസ്ഥയായി. വേനൽ ആരംഭത്തിൽ തന്നെ വെച്ചൂച്ചിറ പദ്ധതിയുടെ കിണറിലെ വെള്ളം വറ്റുന്ന സ്ഥിതിയാണ്.
വേനലിൽ വൈദ്യുതി ഉദ്പാദിപ്പിക്കാതെ വെള്ളം താഴേക്ക് തുറന്നു വിടുമെന്നായിരുന്നു പദ്ധതി രൂപകൽപന ചെയ്തപ്പോഴും ഉദ്ഘാടന വേളയിലുമുണ്ടായ വാഗ്ദാനം.എന്നാൽ മഴക്കാലത്തൊഴികെ ഒരു സമയത്തും വൈദ്യുതി ഉത്പാദനത്തിനു വെള്ളം ഡാമിലില്ലാത്ത സ്ഥിതിയാണ്.
പെരുന്തേനരുവി മുതൽ താഴേക്ക് വേനലിൽ വെള്ളമില്ലാതെ നദി വരളുന്പോൾ ഭീമാകാരമായ പൈപ്പുലൈനിലൂടെ ലക്ഷക്കണക്കിന് ലിറ്റർ ജലമാണ് നിത്യവും തടയണയിൽ നിന്ന് എരുമേലി പദ്ധതിയിലേക്ക് പോകുന്നത്.
ഈ പൈപ്പുലൈൻ വെച്ചൂച്ചിറ പദ്ധതിയുമായി ബന്ധിപ്പിച്ചിരുന്നെങ്കിൽ പെരുന്തേനരുവിയുടെ നാട്ടിലെ ഒരു പഞ്ചായത്തെങ്കിലും കുടിനീർ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇത്തരം ഒരു വാഗ്ദാനം പദ്ധതി കമ്മീഷൻ ചെയ്യുന്നതിനു മുന്പ് മുന്നോട്ടുവച്ചിരുന്നെങ്കിലും പിന്നീട് നടപടികളുണ്ടായില്ല..ബദൽ സംവിധാനമൊന്നും ആലോചിക്കാതെയാണ് ഇരു മണ്ഡലത്തിലെയും ജനപ്രതിനിധികൾ ചേർന്ന് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു.
കിഴക്കൻ മേഖലയിൽ വെള്ളമില്ല
വേനൽമഴ ചതിച്ചതോടെ വറുതിക്ക് ആക്കം കൂടിയത് നാട്ടിലെങ്ങും ജലക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്. മലനാടിന്റെ ജീവനാഡിയായി ഒഴുകിക്കൊണ്ടിരുന്ന പന്പാ നദി വെള്ളമില്ലാതെ വരണ്ടുണങ്ങുന്നത് ആശങ്കയോടെയാണ് നാടിപ്പോൾ കാണുന്നത്.
നദിയിലെ റാന്നി താലൂക്കിൽപെട്ട ഭാഗത്ത് ഇതേ വെള്ളത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഒരു ഡസനിലേറെ ജലവിതരണ പദ്ധതികളാണ് സ്തംഭനാവസ്ഥയിലായിരിക്കുന്നത്. പെരുന്തേനരുവി, കട്ടിക്കല്ല്, കൊടുന്പുഴ, അത്തിക്കയം, നാറാണംമൂഴി, മുക്കം പ്രദേശങ്ങളിലെല്ലാം നദി ഇടമുറിഞ്ഞ് നീരൊഴുക്ക് നിലച്ചിരിക്കുകയാണ്.
കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും നദിയെ ആശ്രയിച്ചിരുന്നവർ മഴ ഉടനെ പെയ്തില്ലെങ്കിൽ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. നദിയിൽ വെള്ളം കുറഞ്ഞതോടെ തീരങ്ങളിലെ കിണറുകളും വറ്റി. ഭൂഗർഭ ജലനിരപ്പ് നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്.