ഗാന്ധിനഗർ: സൂര്യ സ്വാമി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത് നേരിൽ കാണാൻ മാതാവ് രാജേശ്വരിയും സഹോദരി ലക്ഷ്മിയും എത്തും.
കോട്ടയം നഗരമധ്യത്തിൽ വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമില്ലാതെ – ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സൂര്യ സ്വാമിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ഇയാൾക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ അക്കൗണ്ടിംഗ് ക്ലാർക്കായി ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു.
തിരുവാതുക്കലിലെ ഒരു ട്യൂട്ടോറിയൽ കോളജിലെ കൊമേഴ്സ് അധ്യാപികയായിരുന്ന രാജേശ്വരി സ്വർണ പണിക്കാരൻ വരദൻ എന്നയാളെ പ്രണയിച്ചു വിവാഹം കഴിച്ചു.
ഇതോടെ വീട്ടുകാർ ഉപേക്ഷിച്ചു. തുടർന്ന് തിരുനക്കര ക്ഷേത്രസമീപത്ത് നഗരത്തിലെ അഴുക്കുചാൽ കടന്നു പോകുന്ന ഓടയ്ക്ക് സമീപത്ത് ഒരു ഷെഡ് നിർമിച്ചു കുടുംബ ജീവിതം ആരംഭിച്ചു.
അതിനിടെ രണ്ടു കുട്ടികൾ ജനിച്ചു സൂര്യ സ്വാമിയും ലക്ഷ്മിയും. സൂര്യ പഠിക്കാൻ മിടുക്കനായിരുന്നു. സ്വാമിയുടെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ രാജേശ്വരി മാനസിക രോഗിയായി മാറി.
പിന്നാലെ സഹോദരി ലക്ഷ്മിക്കും രോഗം പിടിപെട്ടു. ഇതോടെ ഭർത്താവ് വരദൻ വീട്ടിൽ എത്തുന്നതു വല്ലപ്പോഴുമായി ഇതോടെ ഒരു നേരത്തേ ആഹാരം പോലും നിർവാഹമില്ലാതായി.
പീന്നിട് സൂര്യ സ്വാമി യാചന നടത്തിയാണ് മാതാവിനേയും സഹോദരിയേയും സഹായിച്ചിരുന്നത്. ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് സൂര്യയുടെ ദയനീയ സ്ഥിതി അറിഞ്ഞതോടെ വസ്ത്രങ്ങളും പഠിക്കുന്നതിനുള്ള സൗകര്യവും അധികൃതർ ഒരുക്കി നൽകി. പിന്നീട് മാതാവിനേയും സഹോദരിയേയും തൊടുപുഴ വണ്ണപ്പുറത്തുള്ള മാനസിക കേന്ദ്രത്തിലേക്ക് മാറ്റി.
രണ്ട് വർഷം പിന്നിട്ടപ്പോൾ പിതാവിനും മാനസിക രോഗം പിടിപെടുകയും അദ്ദേഹം വീട്ടിലെത്തി സൂര്യയെ മർദ്ദിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് പിതാവിനെ പാലായിലെ സ്ഥാപനത്തിലാക്കി.
നാട്ടുകാരുടെ പല വിധത്തിലുള്ള ആക്ഷേപങ്ങളും കളിയാക്കുകളും കേട്ട സൂര്യ സ്വാമി പലരുടെയും സഹായത്താൽ പഠനം തുടർന്നു. എം കോം ഫസ്റ്റ് റാങ്കോടെ പാസായെങ്കിലും തൊഴിൽ ലഭിക്കാതെ ബുദ്ധിമുട്ടി.
ഇതിനിടയിൽ 2005 ജൂണ് ആറിന് രാജേശ്വരിയും, 2010 നവംബർ 18 ന് ലക്ഷമിയും ആർപ്പുക്കര വില്ലൂന്നിയിലുള്ള നവജീവനിലെത്തിച്ചു. പഠനത്തിനിടെ മാതാവിനേയും സഹോദരിയേയും കാണുന്നതിന് സൂര്യ നവജീവനിലെത്തിയിരുന്നു.
സൂര്യയ്ക്ക് സർക്കാർ ജോലി ലഭിച്ചതറിഞ്ഞ് രാജേശ്വരിയും, ലക്ഷമിയും സന്തോഷത്തിലാണെന്ന് ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. സൂര്യ സ്വാമി ജോലിയിൽ പ്രവേശിക്കുന്നതു കാണാൻ രാജേശ്വരിക്കും ലക്ഷ്മിക്കും കാത്തിരിക്കുകയാണ്.
ഇവരെ ജോലിയിൽ പ്രവേശിക്കുന്ന ദിവസം മെഡിക്കൽ കോളജിൽ എത്തിക്കുമെന്നും പി.യു.തോമസ് പറഞ്ഞു.