കാക്കനാട്: പ്രളയ ദുരിതാശ്വസ തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കാക്കനാട് നിലംപതിഞ്ഞമുകള്‍ രാജഗിരി വാലിയില്‍ എം.എം. അന്‍വര്‍ ഒളിവില്‍ തന്നെ.
അന്വേഷണ വിധേയമായി പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്. അതിനിടെ, ഇയാളുടെ ഭാര്യ കൗലത്ത്, കേസില്‍ അറസ്റ്റിലായ മഹേഷിന്റെ ഭാര്യ നീതു എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തു.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറിയിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് നിലവില്‍ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്.
കേസില്‍ അറസ്റ്റിലായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും പാട്ടുപുര ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കാക്കനാട് സ്വദേശി എന്‍.എന്‍. നിധിന്, ഭാര്യ ഷിന്റു, രണ്ടാം പ്രതിയായ കോഴി ഫാം ഉടമ കാക്കനാട് സ്വദേശി ബി. മഹേഷ് എന്നിവരെ ഇന്നലെ വിജിലന്‍സ് കോടതിയല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പു കേസില്‍ നേരത്തെ പിടിയിലായ മുഖ്യപ്രതി എറണാകുളം കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണു പ്രസാദ് പണം തട്ടിയെടുത്തതു കംപ്യൂട്ടര്‍ സോഫ്റ്റ് വെയറിലെ പഴുതുപയോഗിച്ചാണെന്നാണ് ക്രൈംബ്രാഞ്ച് കണക്കൂകൂട്ടല്‍.
പ്രളയ ദുരിതബാധിതര്‍ക്ക് പണം കൈമാറാനുള്ള അക്കൗണ്ട് വിവരങ്ങളില്‍ മാറ്റം വരുത്താന്‍ അവസരം നല്‍കിയിരുന്നു. ഈ പഴുത് ഉപയോഗിച്ചാണ് വിഷ്ണു പലരുടെയും അക്കൗണ്ടിലേക്ക് പണം കൈമാറിയത്. പ്രളയ ദുരിതാശ്വാസത്തിന് അപേക്ഷ നല്‍കാത്തവര്‍ക്കും പണമെത്തിയതായാണു സൂചന.
വിഷ്ണു പ്രസാദ് ഉപയോഗിച്ച കംപ്യൂട്ടര്‍ വിശദമായി പരിശോധിക്കും. വിഷ്ണു പ്രസാദിന്റെ ആഡംബര ജീവിതത്തെയും വരുമാനത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്നു ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ ടി. ബിജി ജോര്‍ജ് പറഞ്ഞു.
ഇതിനായി വിഷ്ണു പ്രസാദിനെയും മറ്റ് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ദുരിതാശ്വാസ ഫണ്ടില്‍നിന്ന് 10.54 ലക്ഷം രൂപയാണ് അന്‍വറിന്റെ അക്കൗണ്ടിലെത്തിയത്. നിധിന്റെ ഭാര്യ ഷിന്റുവിന്റെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപയാണ് നല്‍കിയത്.
പണം മുഴുവന്‍ കൈകാര്യം ചെയ്തത് വിഷ്ണു പ്രസാദാണെന്നാണു പിടിയിലായവര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. കൊല്ലം സ്വദേശിയായ മഹേഷ് രണ്ടര വര്‍ഷം മുമ്പാണ് വിഷ്ണുവിന്റെ അയല്‍വാസിയായി വീട് വച്ച് താമസിക്കുന്നത്.
ഈ സൗഹൃദത്തിലാണ് മഹേഷിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം നല്‍കിയത്. തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ മഹേഷിന് കോഴി ഫാമുണ്ട്. ഫാം നടത്തിപ്പിനായി വിഷ്ണു പണം കൈമാറിയിട്ടുണ്ടെന്നാണ് സൂചന.