കോതമംഗലം: ഊന്നുകല്ലിനു സമീപം തേങ്കോട് കാട്ടുപന്നിശല്യം രൂക്ഷം. കൂട്ടമായെത്തി ഇവ കൃഷികൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. തേങ്കോട് സ്വദേശികളായ ഷിനാജ്, സലിം എന്നിവർ ചേർന്ന് നടത്തുന്ന പൈനാപ്പിൾ കൃഷി പൂർണമായും കാട്ടുപന്നികൾ കുത്തിമറിച്ചിട്ടു.
പാട്ടത്തിനെടുത്ത രണ്ടരയേക്കർ സ്ഥലത്തായിരുന്നു കൃഷി. ചുറ്റും വേലികെട്ടിയും കാവലിരുന്നുമെല്ലാം പന്നികളെ ഓടിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പ്രതീഷയോടെ നടത്തിയ കൃഷിയാണ് ഒരു ഫലവും നൽകാതെ നശിച്ചിരിക്കുന്നത്. ഇവരുടെ പൈനാപ്പിൾ കൃഷിയിടത്തിനു പുറമെ സമീപത്ത് പല കൃഷിയിടങ്ങളിലും കാട്ടുപന്നികളുടെ വിളയാട്ടമാണ്.
വനം-കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതർ എന്നിവരോട് പലവട്ടം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്.
മുള്ളരിങ്ങാട് വനത്തിൽനിന്നാണ് കാട്ടുപന്നികൾ നാട്ടിലെത്തുന്നത്. താലൂക്കിലെന്പാടും വനാതിർത്തികളിൽ കാട്ടുപന്നിശല്യം വർധിച്ചുവരികയാണ്.
സമീപകാലത്തായി കാട്ടുപന്നികൾ പെരുകിയിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.