സുൽത്താൻ ബത്തേരി: കെഎസ് ആർടിസി ബസിന്റെ ട്രിപ്പ് മുടക്കം ഫോണിലൂടെ അന്വേഷിച്ച യാത്രക്കാരനോട് സർക്കാരിനേയും മുഖ്യമന്ത്രിയേയും അപഹസിച്ച് മറുപടി നൽകിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു.
ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ട്രോളിംഗ് ഇൻസ്പെക്ടറായ എം.കെ. രവീന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.
കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരം അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്.
ബത്തേരിയിൽ നിന്നും ചീരാൽ-കൊഴുവണ റൂട്ടിലേക്ക് ട്രിപ്പ് മുടങ്ങുന്നതുമായി ബന്ധപ്പെട്ട് കാരണമറിയുന്നതിന് യാത്രക്കാരൻ ഫോണിലൂടെ ചോദിച്ചു. ബത്തേരി മാരിയമ്മൻ ക്ഷേത്രോത്സവത്തിന് പോകേണ്ടവർ എന്തു ചെയ്യുമെന്ന ചോദ്യവും ഉന്നയിച്ചു.
എൽഡിഎഫ് സർക്കാരിന് എന്തുത്സവം, മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയക്കാത്തതെന്നുമുള്ള രവീന്ദ്രന്റെ മറുപടിയാണ് സസ്പെൻഷനിലെത്തിച്ചത്.
ഫോണ് സംഭാഷണം റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡീയയിൽ പ്രചരിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെടുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.