കോഴിക്കോട്: മലയാളം വാർത്താ ചാനലുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
സ്ഥാപിതതാൽപ്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ആപൽഘട്ടങ്ങളെന്ന് എല്ലാവരും ഓർക്കേണ്ടതായിരുന്നെന്നും ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും മാധ്യമങ്ങൾ തയാറാവുകയാണു വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് ഗൗരവതരമാണ്. ദുഖകരമായ ഒരു വർഗീയകലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂർവവും നിയമവിധേയവുമായ നിലയിലും വാർത്തകൾ സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.
ജനങ്ങളെ പരസ്പരം തമ്മിൽതല്ലിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനെന്നപോലെ മാധ്യമങ്ങൾക്കുമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്കാണ് കേന്ദ്ര സർക്കാർ 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ന് നിലവിൽ വന്ന വിലക്ക് ഞായറാഴ്ച രാത്രി 7.30വരെ തുടരും.
ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും റിപ്പോർട്ട് ചെയ്തുവെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്. ഇത് 1994ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്സ് നിയമങ്ങൾക്ക് എതിരാണെന്നു മന്ത്രാലയം വിലയിരുത്തി.
ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്നതിന്റെ പേരിൽ ഫെബ്രുവരി 28ന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മാർച്ച് മൂന്നിനു ചാനലുകൾ മറുപടി നൽകി.
എന്നാൽ, ചാനലുകളുടെ വിശദീകരണം ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തള്ളി. ഇതിനു പിന്നാലെയാണു വിലക്കേർപ്പെടുത്തിയ നടപടിയുണ്ടായത്.